ന്യൂഡല്‍ഹി: ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടപ്പാക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(UPSC). ഇനി മുതല്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യണം. അപേക്ഷ പ്രക്രിയ കൂടുതല്‍ എളുപ്പത്തില്‍ ആകാനും ഉദ്യോഗാര്‍ഥികളുടെ സമയം ലാഭിക്കാനും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കിയതിലൂടെ സാധ്യമാവുമെന്ന് യുപിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ മുഴുവന്‍ സുരക്ഷിതമായി യുപിഎസ്‌സിയുടെ സര്‍വറുകളില്‍ സൂക്ഷിക്കപ്പെടും. ഇതിന് ശേഷം ഏത് പരീക്ഷയ്‌ക്കാണോ ഉദ്യോഗാര്‍ഥി ഓണ്‍ലൈനായി അപേക്ഷിക്കുന്നത് അപ്പോള്‍ ആവശ്യമായതിന്‍റെ എകദേശം 70 ശതമാനം വിവരങ്ങളും ഓട്ടോമാറ്റിക്കായി പൂരിപ്പിക്കപ്പെടുമെന്ന് യുപിഎസ്‌സി വ്യക്തമാക്കി.
യുപിഎസ്‌സി നടത്തുന്ന പരീക്ഷയ്‌ക്കായി ഓരോ തവണ അപേക്ഷിക്കുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ വീണ്ടും വീണ്ടും പൂരിപ്പിക്കേണ്ട അവശ്യം ഇല്ലാതായി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പാക്കിയതോടെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. യുപിഎസ്‌സിയുടെ upsc.gov.in, upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്‍റെ മുന്നോടിയായി നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാലുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കണമെന്നും യുപിഎസ്‌സി അറിയിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട FAQs( Frequently Asked Questions) യുപിഎസ്‌സി ലഭ്യമാക്കിയിട്ടുണ്ട്.
ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് എന്നിവയടക്കമുള്ള ക്ലാസ് 1 സര്‍വീസുകളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിനായി ഒരോ വര്‍ഷവും യുപിഎസ്‌സി പരീക്ഷ നടത്താറുണ്ട്. ഈ പരീക്ഷയ്‌ക്ക് പ്രിലിമിനറി, മെയിന്‍, ഇന്‍റര്‍വ്യൂ എന്നിവ അടങ്ങുന്ന മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.
പൊതുവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ആറ് തവണ പരീക്ഷ എഴുതാം. എസ്‌സി എസ്‌ടി വിഭാഗങ്ങള്‍ക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാവുന്നതാണ്. ഒബിസി വിഭാഗത്തിനും ശാരീരികമായ പരിമിതിയുള്ളവര്‍ക്കും ഒമ്പത് തവണ എഴുതാം.