ന്യൂഡല്‍ഹി: രാജ്യം ഒരുപോലെ കാത്തിരുന്ന ഇത്തവണത്തെ യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മിഷന്‍റെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ (UPSC CSE Prelims Result) ഫലം പുറത്തുവന്നു. 14,600 ലധികം ഉദ്യോഗാര്‍ഥികളാണ് പ്രിലിമിനറി ഘട്ടത്തില്‍ വിജയിച്ച അടുത്തഘട്ടമായ മെയിന്‍ പരീക്ഷയ്‌ക്ക് യോഗ്യത നേടിയിട്ടുള്ളത്. വിജയിച്ചവരുടെ സീരിയല്‍ നമ്പറുകള്‍, റോള്‍ നമ്പറുകള്‍, വിജയികളുടെ പേരുകള്‍ എന്നിവ ഉള്‍പ്പെട്ട പട്ടിക യുപിഎസ്‌സി വെബ്‌സൈറ്റില്‍ (UPSC Website) ലഭ്യമാണ്. അതേസമയം 2023ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടന്നത് മെയ് 28 നാണ്.
റിസള്‍ട്ടിന് ശേഷമുള്ള നടപടികള്‍ വിശദമാക്കി യുപിഎസ്‌സി: ഈ ഉദ്യോഗാര്‍ഥികളുടെ യോഗ്യത എന്നുള്ളത് താത്‌കാലികമാണ്. പരീക്ഷ നിയമങ്ങൾ അനുസരിച്ച്, ഈ ഉദ്യോഗാർഥികൾ 2023 ലെ സിവിൽ സർവീസ് (മെയിൻ) പരീക്ഷയ്ക്ക് വിശദമായ അപേക്ഷ ഫോം-I (DAF-I) പ്രകാരം വീണ്ടും അപേക്ഷിക്കണമെന്നും യുപിഎസ്‌സി പ്രസ്‌താവനയില്‍ അറിയിച്ചു. DAF-I (Detailed Application Form -1) പൂരിപ്പിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമായുള്ള തീയതികളും സുപ്രധാന നിർദേശങ്ങളും യഥാസമയം കമ്മിഷന്‍റെ വെബ്‌സൈറ്റിൽ പ്രഖ്യാപിക്കുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. മാത്രമല്ല 2023-ലെ സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയുടെ മാർക്കുകൾ, കട്ട് ഓഫ് മാർക്കുകൾ, ഉത്തരസൂചികകൾ എന്നിവ കമ്മിഷന്‍റെ വെബ്‌സൈറ്റായ https://upsc.gov.in ൽ നിന്നും സിവിൽ സർവീസസ് പരീക്ഷയുടെ മുഴുവൻ പ്രക്രിയയ്ക്ക് ശേഷം മാത്രമേ അപ്‌ലോഡ് ചെയ്യുകയുള്ളൂവെന്ന് യുപിഎസ്‌സി അറിയിച്ചു.
എന്നാല്‍ ഷാജഹാൻ റോഡിലുള്ള ധോൽപൂർ ഹൗസിലെ പരീക്ഷ ഹാൾ കെട്ടിടത്തിന് സമീപത്തായി കമ്മിഷന് ഒരു ഫെസിലിറ്റേഷൻ കൗണ്ടറുണ്ടെന്നും, എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ച് വരെ ഉദ്യോഗാർഥികൾക്ക് നേരിട്ടോ അല്ലെങ്കിൽ 011-23385271, 011-23098543, 011-23381125 എന്നീ ടെലിഫോൺ നമ്പറുകളിൽ വിളിച്ചോ കൗണ്ടറിൽ നിന്ന് അവരുടെ ഫലത്തെക്കുറിച്ചുള്ള വിവരങ്ങളും സംശയങ്ങളും ദൂരീകരിക്കാമെന്നും കമ്മിഷന്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
റിസള്‍ട്ടിനായി ബുദ്ധിമുട്ടേണ്ടതില്ല: പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍, അധ്യാപകര്‍, അവരുമായി ബന്ധപ്പെട്ടവരെ എന്നിവരെ സംബന്ധിച്ച് തലപുകയ്‌ക്കുന്ന ഒന്നാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം എങ്ങനെ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും. ഫലം ഈസിയായി ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:
- ആദ്യം www.upsc.gov.in എന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്‍റെ (UPSC) ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക
- തുടർന്ന് ഹോംപേജിൽ 'Results' അല്ലെങ്കിൽ 'Examinations' വിഭാഗത്തിലേക്ക് നീങ്ങുക.
- ഇതിന് താഴെയായുള്ള 'UPSC Result' അല്ലെങ്കിൽ സമാനമായ ഓപ്ഷനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. (ഇത് നിങ്ങളെ റിസള്‍ട്ട് കാണാവുന്ന ഒരു പുതിയ പേജിലേക്ക് എത്തിക്കും)
- ഇവിടെ നിങ്ങളുടെ റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. (ഈ സമയത്ത് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ വിശദാംശങ്ങൾ കൃത്യമായി നൽകേണ്ടതുണ്ട്)
- വിവരങ്ങൾ ശരിയായി നൽകിക്കഴിഞ്ഞാൽ 'Submit' അല്ലെങ്കിൽ 'Download' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇതോടെ സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം സ്ക്രീനിൽ തെളിയും. (മൊത്തത്തിലുള്ള മാർക്കുകളും റാങ്കുകളും മറ്റ് പ്രസക്തമായ വിവരങ്ങളും ഉൾപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ നിങ്ങളുടെ പരീക്ഷാഫലം ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക)
- പരീക്ഷാഫലം ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക (ഇതുകൂടാതെ, റിസള്‍ട്ട് ഹാർഡ് കോപ്പിയായി പ്രിന്‍റ് ചെയ്‌തും സൂക്ഷിക്കാം).