ലഖ്‌നൗ: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു സംഭവിച്ച വീഴ്ചകളെ തുറന്നുകാട്ടി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വൈറസിനെ മറികടക്കാന്‍ പൊതുമേഖല ആശുപത്രികളെ ശക്തിപ്പെടുത്തുന്നതില്‍ അനാസ്ഥ കാണിച്ച സര്‍ക്കാരിനെതിരെ പത്രക്കുറിപ്പിലൂടെയാണ് യാദവ് ആരോപണം ഉന്നയിച്ചത്.
കൊവിഡ് വ്യാപന ഘട്ടത്തില്‍ സാധാരണക്കാരായ രോഗികളെ കൊള്ളയടിക്കാന്‍ സ്വകാര്യ ആശുപത്രികൾക്ക് അവസരം കൈവന്നത് ബി.ജെ.പി സർക്കാരിന്‍റെ പിടിപ്പുകേടു മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നില വളരെധികം മോശമായത് ഭരണകൂടത്തിന്‍റെ തെറ്റായ നയംകൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ശനിയാഴ്ച ആരോപിച്ചു.
സ്വകാര്യ ആശുപത്രികളിൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. മരുന്നുകളുടെയും കുത്തിവയ്പ്പുകളുടെയും കരിഞ്ചന്ത തടസ്സമില്ലാതെ തുടരുന്നു. കൊവിഡ് കർഫ്യൂവും ഓക്സിജന്‍റെ അഭാവവും ജനങ്ങളുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടിയെന്നും പാര്‍ട്ടി അധ്യക്ഷന്‍ ആരോപിച്ചു. അധികാരത്തിൽ തുടരുന്നതിൽ മാത്രമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടുന്ന ബി.ജെ.പി നേതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യമെന്നും അഖിലേഷ് യാദവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ALSO READ: ശ്രീനഗറില്‍ 50 കിടക്കകളുള്ള കൊവിഡ് ചികിത്സ കേന്ദ്രമൊരുക്കി സൈന്യം