ലഖ്‌നൗ: മറ്റൊരാളുമായുള്ള വിവാഹത്തിന് തയ്യാറായതിനെ തുടർന്ന് യുവതിയെ കാമുകൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അന്നു രാജ്ഭർ എന്ന പ്രതി 19കാരിയായ സിന്ധു രാജ്ഭറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം ഗ്രാമത്തിലെ വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയുടെ സഹോദരന്‍റെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്നു രാജ്ഭറിന് സിന്ധു രാജ്ഭറുമായി ബന്ധമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സിന്ധു രാജ്ഭറിന്‍റെ കുടുംബം അതിന് തയ്യാറായില്ല. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചത് പ്രതിയെ പ്രകോപിപ്പിക്കുകയും കുറ്റകൃത്യത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു.