ഗോണ്ട : പാര്‍ക്ക് ചെയ്‌ത കാറില്‍ 13 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരനെതിരെ കൃത്യവിലോപത്തിന് നടപടി. ഉത്തര്‍പ്രദേശില്‍ ഗോണ്ട ജില്ലയിലെ മിസ്രൗലിയ പൊലീസ് ഔട്ട്‌പോസ്റ്റിന്‍റെ ചുമതല വഹിച്ച ഉദ്യോഗസ്ഥനെയാണ് ശനിയാഴ്‌ച സ്ഥാനത്തുനിന്നും മാറ്റിയത്. അവധ് ബിഹാരി ചൗബേയ്‌ക്കെതിരെയാണ് വകുപ്പുതല നടപടി.
'ബലാത്സംഗം നടന്നിട്ടില്ല' : സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന്‍റെ അനുയായികൾ നിർമിച്ച ആശ്രമത്തിന് പുറത്താണ് സംഭവം. ബിമൗർ സ്വദേശിനായ കൗമാരക്കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക ചൂഷണത്തിന് കുട്ടി ഇരയായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
പരിശോധനയ്ക്ക് 48 മണിക്കൂർ മുന്‍പെങ്കിലും പെൺകുട്ടി മരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാവുന്നത്. മരണകാരണം കണ്ടെത്താൻ ഫോറൻസിക് സംഘം വിദഗ്‌ധ പരിശോധന നടത്തും. വ്യാഴാഴ്‌ചയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു.
കുടുംബവുമായി സ്വത്ത് തര്‍ക്കം : അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേണൽ ഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ജഗദീഷ് ദുബെ, പപ്പു, സുരേന്ദ്ര പാണ്ഡെ എന്നീ മൂന്ന് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സുരേന്ദ്ര പാണ്ഡെയും കൗമാരക്കാരിയുടെ കുടുംബാംഗങ്ങളുമായി സ്വത്ത് തർക്കം നിലനില്‍ക്കവെയാണ് സംഭവം.
എഫ്.ഐ.ആറിൽ പ്രതി ചേര്‍ത്തവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ പറഞ്ഞു. ആശ്രമത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 13 കാരിയുടെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ മൂന്ന് വർഷം മുന്‍പ് കാണാതായതായി പ്രദേശവാസികള്‍ പറയുന്നു.