ലഖ്‌നൗ: ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമോയെന്ന് പ്രിയങ്ക ഗാന്ധി തന്നെ തീരുമാനിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും യുപി കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
നിലവിൽ കോൺഗ്രസിന് പാർട്ടി അധ്യക്ഷയുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ അധ്യക്ഷയിൽ സംത്യപ്‌തരാണെന്നും എന്നാൽ പുറത്ത് നിന്നുള്ളവരാണ് നിലവിൽ അസംത്യപ്‌തരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്‌ച രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സോഷ്യൽ മീഡിയ ടീം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. സമാനമായ രീതിയിൽ ഡൽഹി പ്രദേശ് മഹിള കോൺഗ്രസും പ്രമേയം പാസാക്കിയിരുന്നു.
അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപി ഇതിനകം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2017ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറിയത്. 403 അംഗ നിയമസഭയിൽ 39.67 ശതമാനമാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഷെയർ. സമാജ്‌വാദി പാർട്ടി 47 സീറ്റിലും ബിഎസ്‌പി 19 സീറ്റിലും കോൺഗ്രസ് ഏഴ് സീറ്റിലുമാണ് ജയിച്ചത്.
READ MORE: 'കോണ്‍ഗ്രസിന് പുതിയ നേതൃത്വം വേണം'; തിരിച്ചുവരവിന് അത് അനിവാര്യമെന്ന് ശശി തരൂര്‍