ലഖ്‌നൗ : ഉത്തർപ്രദേശിലെ ഗോരഖ്‌പൂര്‍ നിയമസഭ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വമ്പന്‍ ജയം. എസ്‌പി, ബിഎസ്‌പി സ്ഥാനാര്‍ഥികള്‍ക്കെതിരെ 1,02,399 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യോഗി മണ്ഡലം പിടിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഭരണമുറപ്പിക്കാനുതകുന്ന മാന്ത്രിക സംഖ്യയായ 202 സീറ്റുകളുടെ ഭൂരിപക്ഷം കാവിപ്പാര്‍ട്ടി മറികടന്നിട്ടുണ്ട്. നിലവില്‍ 245ലധികം മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നേടുകയോ വിജയിക്കുകയോ ചെയ്‌തിട്ടുള്ളത്.
122 സീറ്റുകളില്‍ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്യുന്ന സമാജ്‌വാദി പാർട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് സീറ്റില്‍ മാത്രമൊതുങ്ങുന്ന കോണ്‍ഗ്രസ് കനത്ത നാണക്കേടിന്‍റെ വക്കിലാണ്.
ഇതോടെ സംസ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ച് തുടര്‍ഭരണമുറപ്പാക്കുന്ന ആദ്യ ബിജെപി മുഖ്യന്ത്രിയെന്ന ചരിത്ര നേട്ടംകൂടി യോഗി സ്വന്തമാക്കുകയാണ്. 1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടുന്നത്.
നിലവിലെ ക്ഷേമ പദ്ധതികൾക്കൊപ്പം വികസന അജണ്ടകളും ഊന്നിപ്പറഞ്ഞാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ യോഗി മുന്നില്‍ നിന്നും നയിച്ചത്. യുപിയില്‍ യോഗി തുടരുമെന്ന് എക്സിറ്റ് പോളുകളും നേരത്തെ പ്രവചിച്ചിരുന്നു.
രാഷ്ട്രീയ അസ്ഥിരതയുടെ യുപി
1980കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അടിത്തറയുള്ള സംസ്ഥാനമായിരുന്നു യുപി. 1980-88 കാലഘട്ടത്തില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുകയും ചെയ്‌തു. എന്നാല്‍ 1988ന് ശേഷം സംസ്ഥാനം രാഷ്ട്രീയ അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിച്ചു.
1990കളിൽ സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ബിജെപി എന്നിവയുൾപ്പടെ ഒന്നിലധികം പാര്‍ട്ടികളാണ് സംസ്ഥാനത്ത് ഭരണം കയ്യാളിയത്. 2000-ൽ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി ബിജെപി അധികാരത്തിലെത്തി.
എന്നാല്‍ സഖ്യം തകര്‍ന്നതോടെ രാജ്‌നാഥ് സിങ് നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാര്‍ ഒരു വർഷം പോലും തികയ്‌ക്കാനാവാതെ കൂപ്പുകുത്തി. എന്നാല്‍ 2017ല്‍ കേന്ദ്ര ഭരണത്തിന്‍റെ വെളിച്ചത്തില്‍ സംസ്ഥാനത്ത് തരംഗം തീര്‍ക്കാന്‍ കാവിപ്പാര്‍ട്ടിക്കായി.300ല്‍ അധികം സീറ്റുകള്‍ നേടിയായിരുന്നു ഇത്തവണ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
ബഹുകോണ മത്സരത്തില്‍ മുന്നിട്ട് ബിജെപി
കര്‍ഷക സമരങ്ങളുള്‍പ്പടെ ഭരണ വിരുദ്ധ വികാരം നിഴലിച്ചുനിന്നിരുന്ന ഇക്കുറി ബിജെപിക്കൊപ്പം സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി എന്നിവര്‍ തമ്മിലുള്ള ബഹുകോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
കോണ്‍ഗ്രസും ബിഎസ്‌പിയുമടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ബിജെപിയും എസ്‌പിയും തമ്മിലായിരുന്നു പ്രധാനമത്സരം അരങ്ങേറിയത്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളെ രംഗത്തിറക്കി ശക്തമായ പ്രചാരണം കോണ്‍ഗ്രസും നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ രംഗത്തിറക്കിയായിരുന്നു ബിജെപി പ്രചാരണങ്ങള്‍ക്ക് ചൂടേറ്റിയത്. ഒടുവില്‍ അന്തിമ ഫലങ്ങള്‍ കാവിപ്പാര്‍ട്ടിക്ക് അനുകൂലമാവുകയും ചെയ്‌തു.
ഭരണമുറപ്പിക്കുന്ന 'ബാബ ബുൾഡോസർ'
ഗോരഖ്‌പൂർ അര്‍ബനില്‍ നിന്നും ജനവിധി തേടിയ യോഗിക്ക് അനുയായികള്‍ നല്‍കിയ ഓമനപ്പേരാണ് 'ബാബ ബുൾഡോസർ'. അനധികൃതമായി കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി യോഗിക്ക് 'ബാബ ബുൾഡോസർ' എന്ന വിളിപ്പേര് ലഭിച്ചത്.
"സോച്ച് ഇമാൻദാർ, കാം ദംദാർ, അബ്കി ബാർ യോഗി സർക്കാർ" എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൂടിയായിരുന്നു ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പുകഞ്ഞുനിന്ന വിഭാഗീയത ഒഴിവാക്കാന്‍ നരേന്ദ്രമോദി നേരിട്ട് ഇടപെട്ടതും നിര്‍ണായകമായി.