ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിയമപ്രകാരം ബറേലി പൊലീസ് 22കാരനെ അറസ്റ്റ് ചെയ്തു. ആദ്യ കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഉവായിഷ് അഹമദാണ് അറസ്റ്റിലായത്. ബറേലി ജില്ലയിലെ ഡിയോറാനിയ പ്രദേശത്ത് വിവാഹിതയായ 20 കാരിയെ തട്ടിക്കൊണ്ടുപോകുമെന്നും മതപരിവർത്തനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയതിന് ഉത്തർപ്രദേശ് മതപരിവർത്തന ഓർഡിനൻസ് നിയമപ്രകാരം അഹമദിനെതിരെ കേസെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) സൻസാർ സിംഗ് പറഞ്ഞു.
അഹമദും യുവതിയും സ്കൂൾ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വർഷം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം അഹമദിനെതിരെ പരാതി നൽകിയിരുന്നു. പിന്നീട് മുംബൈയിലേക്കുള്ള യാത്രാമധ്യേ ഭോപ്പാലിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് യുവതി മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. എന്നാൽ അഹമദ് യുവതിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുന്നതായും യുവതിയുടെ പിതാവ് പരാതി നൽകി. ഓർഡിനൻസിന്‍റെ 3/5 വകുപ്പ്, ഐപിസിയുടെ 504, 506 പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം ലവ് ജിഹാദ് നിയമപ്രകാരമാണ് എന്നെ അറസ്റ്റ് ചെയ്തത്. യുവതിയുമായി തനിക്ക് ബന്ധമില്ലെന്നും താൻ നിരപരാധിയാണെന്നും അഹമദ് പറഞ്ഞു.