ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ അതിവേഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യം ഓക്സിജൻ കടുത്ത ക്ഷാമത്തിലാണ്. വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ റെയിൽവേ തുടരുകയാണ്. ഇതിനിടയിൽ ഓക്സിജൻ നിറച്ച 10 അടി ഐഎസ്‌ഒ കണ്ടെയ്നറുകൾ ജംഷദ്‌പൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് എത്തിക്കാന്‍ ഉത്തർപ്രദേശ് സർക്കാർ റെയിൽവേയുടെ സഹായം തേടിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ട്രെയിൻ 'ഓക്സിജൻ എക്സ്പ്രസ്'ന്‍റെ സഹായത്തോടെ ഉത്തർപ്രദേശ് ഓക്സിജൻ ക്ഷാമത്തില്‍ നിന്ന് കരകയറുകയാണെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉത്തര്‍പ്രദേശിലേക്കുള്ള ഏഴാമത്തെ സ്റ്റോക്ക് ഓക്സിജനാണ് ഉടന്‍ റെയില്‍വെ എത്തിക്കുക. ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വെള്ളിയാഴ്ച വരെ 664 മെട്രിക് ടൺ ഓക്സിജൻ വിതരണം ചെയ്തതായും 126 മെട്രിക് ടൺ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.