ലഖ്‌നൗ: വായു മലിനീകരണം ഉണ്ടാക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന വ്യാജേന ഉത്തർപ്രദേശ് സർക്കാർ കർഷകരെ ഉപദ്രവിക്കുകയാണെന്ന് ബിഎസ്പി മേധാവി മായാവതി ആരോപിച്ചു. ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നതിനുമുമ്പ്, യോഗി ആദിത്യനാഥ് സർക്കാർ കർഷകർക്ക് ആവശ്യമായ സഹായം നൽകുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവരെ അറിയിക്കുകയും വേണമെന്ന് മായാവതി പറഞ്ഞു. കൊയ്ത്ത് കഴിഞ്ഞ നിലം തീയിടുന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരത്തിൽ തീയിടുന്ന കർഷകർക്കെതിരെ ജില്ലാ അധികൃതർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ചിലരെ അറസ്റ്റ് ചെയ്യുന്നു, ചിലയിടങ്ങളിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നു.
പൊലീസുകാർക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി, കോൺഗ്രസ് തുടങ്ങി മറ്റ് പ്രതിപക്ഷ പാർട്ടികളും സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കർഷകരെ ഉപദ്രവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.