ന്യൂഡൽഹി: ഉത്തർപ്രദേശില്‍ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി യോഗി ആദിത്യനാഥ് ഇന്ന് ബിജെപി ഉന്നത നേതൃത്വവുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. പുതിയ മന്ത്രിസഭ സംബന്ധിച്ച ചർച്ചകൾക്കൊപ്പം സംസ്ഥാനത്തെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള തീയതികളെ കുറിച്ചും പാർട്ടി ഉന്നതരുമായി കൂടിയാലോചന നടത്തിയേക്കും.
രാവിലെ എട്ടിന് ലഖ്‌നൗവിൽ നിന്ന് ഹിൻഡൺ വിമാനത്താവളത്തിലെത്തിയ യോഗി അവിടെ നിന്ന് റോഡ് മാർഗം ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുമായി അദ്ദേഹം രാജ്യതലസ്ഥാനത്ത് കൂടിക്കാഴ്‌ച നടത്തും.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. ഗോരഖ്‌പൂർ അർബൻ മണ്ഡലത്തിൽ നിന്ന് മത്സരിച്ച യോഗി, എസ്‌പി, ബിഎസ്‌പി സ്ഥാനാര്‍ഥികള്‍ക്കെതിരെ 1,03,390 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്.
തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ അദ്ദേഹം വെള്ളിയാഴ്‌ച ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ 37 വർഷത്തിനിടെ സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് യോഗി ആദിത്യനാഥ്.
ALSO READ: രണ്ടാം യോഗി മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെന്ന് സൂചന