ലഖ്‌നൗ: നോയിഡ ഡെഫ് സൊസൈറ്റിയിൽ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികളെ നിർബന്ധമായി മതപരിവർത്തനം നടത്തിയതായി റിപ്പോർട്ടുകൾ വന്നതിൽ പ്രതികരണവുമായി സംഘടന. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ (എടിഎസ്) അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് സ്ഥാപക റൂമ റോക ബുധനാഴ്‌ച പറഞ്ഞു.
കഴിഞ്ഞ 16 വർഷത്തിനിടയിൽ ഒരിക്കലും സംഘടനയ്‌ക്കെതിരെ മോശം അഭിപ്രായങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും തങ്ങളുടെ നിസ്വാർഥ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും അവർ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എല്ലാ വിദ്യാർഥികളുടെയും വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
Also Read: ദലിതരെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തെ ഓരോ പൗരനുമുണ്ടെന്ന് കെ.സി.ആര്‍
കുട്ടികൾക്ക് പ്രൊഫഷണൽ പരിശീലനം
മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നില്ലെന്നും കുട്ടികൾക്ക് പ്രൊഫഷണൽ പരിശീലനം മാത്രമേ നൽകുന്നുള്ളൂ എന്നും റൂമ റോക വ്യക്തമാക്കി. ശ്രവണ വെല്ലുവിളിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് 2005ൽ ഈ സംഘടന ആരംഭിച്ചത്. അതിലൂടെ കുട്ടികളിലെ കഴിവ് വർധിപ്പിക്കാനും തൊഴിൽ നേടാൻ സഹായിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
അന്വേഷണത്തിനായി ഏജൻസികൾ
ജൂൺ 22നും ഉത്തർപ്രദേശിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. അതേ സമയം മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ കേസുകളിൽ ഉൾപ്പെടുന്നവരെ ദേശീയ സുരക്ഷ നിയമം (എൻഎസ്‌എ) അനുസരിച്ച് കസ്‌റ്റഡിയിലെടുക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടെത്തുകയും വേണം. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെ (എസ്‌ടിഎഫ്) ഒരു സംഘം നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയ 1000 പേരടങ്ങുന്ന ഒരു സംഘത്തെ കണ്ടെത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.