അസംഗഢ്(ഉത്തർപ്രദേശ്): മൊബൈൽ ഫോണിൽ ലുഡോ കളിച്ചതിന് എട്ട് വയസുകാരനായ മകനെ അടിച്ചു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ അസംഗഢിലെ മഹുല ബാഗിച്ച ഗ്രാമത്തിൽ ലക്കി എന്ന കുട്ടിയാണ് പിതാവിന്‍റെ മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്ന് പുലർച്ചെ ആടുകളെ മേയ്‌ക്കുന്നതിനിടെയുള്ള ഒഴിവുസമയത്ത് ലക്കി ഫോണിൽ ലൂഡോ കളിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് ജിതേന്ദ്ര കുട്ടിയെ ക്രൂരമായി മർദിച്ച ശേഷം ഒരു മുറിയിൽ പൂട്ടിയിട്ടു. മണിക്കൂറുകൾക്ക് ശേഷം ജിതേന്ദ്ര റൂമിൽ തിരികെയെത്തിയെങ്കിലും ലക്കിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നാലെ ഇയാൾ സഹോദരൻ ഉപേന്ദ്രയുടെയും അയൽവാസി രാംജനത്തിന്‍റെയും സഹായത്തോടെ കുട്ടിയുടെ മൃതദേഹം ഒരു ചാക്കിലാക്കി മഹുല ദേവർ ഗ്രാമത്തിലെ ഘാഗ്ര നദിയുടെ തീരത്ത് കുഴിച്ചിട്ടു. സംഭവത്തെക്കുറിച്ച് മറ്റാരോടെങ്കിലും പറഞ്ഞാൽ ഭാര്യ ബബിതയെ കൊല്ലുമെന്നും ജിതേന്ദ്ര ഭീഷണിപ്പെടുത്തി.
എന്നാൽ അടുത്തുള്ള ഗ്രാമത്തിൽ താമസിച്ചിരുന്ന ലക്കിയുടെ മുത്തശ്ശി സംഭവമറിഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്തുവരികയാണെന്നും എസ്‌ഒ അഖിലേഷ് ചന്ദ്ര പറഞ്ഞു.