മഹാരാജ്‌ഗഞ്ച്: അവധി തേടിയുള്ള അപേക്ഷയ്‌ക്ക് ആളുകള്‍ പല തരത്തിലുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നത് സ്വാഭാവികമാണ്. കല്യാണം, മരണം എന്നിങ്ങനെ സാധാരണഗതിയില്‍ ഉള്ള കാരണങ്ങള്‍ കാണിച്ച് അപേക്ഷ നല്‍കുന്നതുകൊണ്ടുതന്നെ ഇവ ശ്രദ്ധ പിടിച്ചുപറ്റാറില്ല. എന്നാല്‍, ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് കോൺസ്റ്റബിൾ നല്‍കിയ അവധി തേടിയുള്ള അപേക്ഷയില്‍ എഴുതിയ 'വെറൈറ്റി കാരണം' സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ഇടയാക്കിയിരിക്കുകയാണ്.
ഭാര്യ തന്നോട് ദേഷ്യത്തിലാണെന്നും ഫോൺ എടുത്ത് മറുപടി പറയുന്നില്ലെന്നും അതുകൊണ്ടുതന്നെ ഒരാഴ്‌ചത്തെ അവധി വേണമെന്നാണ് കോൺസ്റ്റബിളിന്‍റെ അഭ്യർഥന. ഉത്തർപ്രദേശിലെ മൗ സ്വദേശിയും മഹാരാജ്‌ഗഞ്ച് ജില്ലയിലെ പൊലീസ് കോൺസ്റ്റബിളുമായ ഗൗരവ് ചൗധരിയാണ് ഈ കത്തെഴുതിയത്. ജനുവരി ആറിന് അഡീഷണൽ പൊലീസ് സൂപ്രണ്ടിനാണ് (എഎസ്‌പി) ഉദ്യോഗസ്ഥന്‍ കത്ത് നല്‍കിയത്. മഹാരാജ്‌ഗഞ്ച് ജില്ലയിലെ ഇന്ത്യ - നേപ്പാൾ അതിർത്തിയിലെ നൗതൻവ പൊലീസ് സ്റ്റേഷനിലാണ് ഗൗരവ് ജോലി ചെയ്യുന്നത്.
ലഭിച്ചു, അഞ്ച് ദിവസത്തെ ലീവ്: 2022 ഡിസംബറിൽ വിവാഹിതനായ ഗൗരവ് ചൗധരി, ഭാര്യയുടെ ബന്ധുവിന്‍റെ ജന്മദിനത്തില്‍ എത്താന്‍ കഴിയുമെന്ന് ഉറപ്പുനല്‍കിയിരുന്നില്ല. തുടര്‍ന്ന്, ഭാര്യ ദേഷ്യപ്പെടുകയും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരിക്കുകയും ചെയ്‌തു. ഇതോടെയാണ് ഉള്ള കാര്യംവച്ച് ജനുവരി ആറാം തിയതി കോണ്‍സ്‌റ്റബിള്‍ അവധിക്ക് അപേക്ഷിച്ചത്. ഈ നീക്കം എന്തായാലും ഫലം കണ്ടു. അവധി തേടാനുള്ള കാരണത്തിന്‍റെ വ്യത്യസ്‌തതയും ഇത് തുറന്നുപറയാന്‍ കാണിച്ച സത്യസന്ധതയും കണക്കിലെടുത്ത് ഇയാള്‍ക്ക് ജനുവരി 10 മുതൽ അഞ്ച് ദിവസത്തെ ലീവ് ലഭിച്ചിട്ടുണ്ട്.