ഹൈദരാബാദ് : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ഓൾ ഇന്ത്യ മജിൽസ്-ഇ-ഇത്തേഹാദുൽ-മുസ്‌ലിം പാർട്ടി.
ഉത്തർപ്രദേശിൽ പാർട്ടി അധികാരത്തിൽ വന്നാൽ ഒരു മുസ്‌ലിം നേതാവിനെ അഖിലേഷ് യാദവ് ഉപമുഖ്യമന്ത്രി ആക്കിയാൽ സമാജ്‌വാദി പാർട്ടിയുമായി തങ്ങള്‍ സഖ്യത്തിന് തയാറാണെന്ന് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടെന്നും എന്നാൽ ഇതിന് യാതാർഥ്യമായി യാതൊരു ബന്ധവുമില്ലെന്നും എഐഐഎം ഉത്തർപ്രദേശ് അധ്യക്ഷൻ ഷൗക്കത്ത് അലി പറഞ്ഞു.
ഞാനോ എഐഐഎം മേധാവി അസദുദ്ദീൻ ഒവൈസിയോ ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും ഷൗക്കത്ത് അലി കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് 20 ശതമാനം മുസ്‌ലിം വോട്ടുകൾ ലഭിച്ചിരുന്നു. അവർ അധികാരത്തിൽ വരുകയും ചെയ്‌തു. പക്ഷേ അന്ന് ഒരു മുസ്‌ലിം ഉപമുഖ്യമന്ത്രിയായിട്ടില്ല.
ഏതെങ്കിലും മുസ്‌ലിം എംഎൽഎയെ ഉത്തർപ്രദേശിൽ ഉപമുഖ്യമന്ത്രിയാക്കാൻ എസ്പി മേധാവി അഖിലേഷ് യാദവ് സമ്മതിച്ചാൽ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് അസദുദ്ദീൻ ഒവൈസി ശനിയാഴ്ച പറഞ്ഞിരുന്നു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്നും ഹൈദരാബാദ് എംപി നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ 110 നിയമസഭാ മണ്ഡലങ്ങളില്‍ 30 മുതൽ 39 ശതമാനം വരെ മുസ്‌ലി വോട്ടർമാരുണ്ട്. 44 സീറ്റുകളിൽ ഈ ശതമാനം 40-49 ആയി ഉയരുമ്പോൾ 11 സീറ്റുകളിൽ മുസ്‌ലിം വോട്ടർമാർ 50-65 ശതമാനമാണ്.
'സഖ്യ' റിപ്പോർട്ടുകള്‍
അതേസമയം സംസ്ഥാനത്തെ ചില ചെറിയ പാർട്ടികളുടെ നേതാക്കന്മാരുമായി ഒവൈസി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഓം പ്രകാശ് രാജ്ഭറിന്‍റെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി), ശിവ്പാൽ സിങ് യാദവിന്‍റഎ പ്രാഗതിഷീൽ സമാജ്‌വാദി പാർട്ടി (പിഎസ്പി), കേശവ് ദേവ് മൗര്യയുടെ മഹാൻ ദൾ, കൃഷ്ണ പട്ടേലിന്‍റെ അപ്ന ദൾ എന്നീ പാർട്ടികളുമായി ഒവൈസി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
2017 തെരഞ്ഞെടുപ്പ്
2017 നിയമസഭ തെരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരു സ്ഥലത്ത് പോലും ജയിക്കാൻ ഒവൈസിക്കും സംഘത്തിനും കഴിഞ്ഞിരുന്നില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മത്സരിക്കേണ്ടെന്നായിരുന്നു തീരുമാനം. എന്നിരുന്നാലും ബിജെപക്കെതിരെ പ്രചാരണം നടത്താൻ ഒവൈസി മുന്നിലുണ്ടായിരുന്നു.
2017ല്‍ 403 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 312 സീറ്റുകളിൽ ബിജെപി വൻ വിജയം നേടി. 39.67 ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. സമാജ്‌വാദി പാർട്ടി (എസ്പി) 47 സീറ്റുകളും ബിഎസ്‌പി 19 സീറ്റുകളും വിജയിച്ചപ്പോൾ കോൺഗ്രസിന് ഏഴ് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.
also read : യുപിയിൽ സഖ്യം; മുൻഗണന പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനെന്ന് കോൺഗ്രസ്