ന്യൂഡൽഹി: ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് സ്വന്തം നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തിയ 20 കാരിക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് വിഹാറിലാണ് ദാരുണ സംഭവം. സാമൂഹിക അപകീർത്തിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവിവാഹിതയായ യുവതി ഈ ക്രൂരകൃത്യം ചെയ്‌തതെന്നാണ് ആരോപണം.
പ്രദേശത്തെ ജയ് അംബോ അപ്പാർട്ട്‌മെന്‍റിലാണ് യുവതി താമസിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ശേഷം ശുചിമുറിയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയായിരുന്നു. അതേസമയം ഫ്ലാറ്റിന് താഴെ നിന്ന സ്‌ത്രീകൾ ശബ്‌ദം കേട്ട് ചെന്നുനോക്കിയപ്പോൾ പാതി ജീവനുള്ള നവജാത ശിശു നിലത്ത് കിടക്കുന്നത് കാണുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള നോയിഡ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസേടുത്തു. യുവതിയെ ചോദ്യം ചെയ്‌തതിൽ നിന്ന് അപകീർത്തി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.