പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയ സന്തോഷം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയുമായി 45 മിനിറ്റാണ് ഉണ്ണി മുകന്ദന്‍ സംവദിച്ചത്. മോദിക്ക് ഉണ്ണി മുകുന്ദന്‍ കൃഷ്‌ണ വിഗ്രഹവും സമ്മാനിച്ചു.
താന്‍ മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ച് ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. മോദിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റാണിത്. നന്ദി സര്‍. താങ്കളെ ദൂരെ നിന്ന് കണ്ട 14 വയസുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ 'കെം ഛോ ഭൈലാ' (ഗുജറാത്തിയില്‍ എങ്ങനെയുണ്ട് സഹോദരാ) ആണ് എന്നെ ആദ്യം തട്ടി ഉണര്‍ത്തിയത്.
അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുകയെന്നത് എന്‍റെ വലിയ സ്വപ്‌നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. താങ്കള്‍ നല്‍കിയ 45 മിനിറ്റ്, എനിക്കെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റായിരുന്നു. താങ്കള്‍ പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടു വന്ന് ഞാനത് നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീകൃഷ്‍ണന്‍' -ഉണ്ണി മുകുന്ദന്‍ കുറിച്ചു.
പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച അവിസ്‌മരണീയ നിമിഷങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍ ഒരു പ്രമുഖ മാധ്യമത്തോടും പ്രതികരിച്ചിരുന്നു. തന്നെ പറ്റി പല കാര്യങ്ങളും മനസിലാക്കിയാണ് പ്രധാനമന്ത്രി തന്നോട് സംസാരിച്ചതെന്ന് താരം വ്യക്തമാക്കി. തനിക്ക് 13 വയസുള്ളപ്പോഴാണ് മോദിയെ താന്‍ ദൂരെ നിന്നും കാണുന്നതെന്നും അന്ന് സിഎം ആയി കണ്ടയാളെ ഇന്ന് പിഎമ്മായി കാണാന്‍ സാധിച്ചല്ലോ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നിറഞ്ഞ ചിരിയിലായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. തന്‍റെ പുതിയ ചിത്രം 'മാളികപ്പുറ'ത്തെ കുറിച്ച് സംസാരിച്ച മോദി, ഗുജറാത്തിയില്‍ സിനിമ ചെയ്യാന്‍ ക്ഷണിച്ചതായും താരം പറഞ്ഞു.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം-23 പരിപാടിയിലും ഉണ്ണി മുകുന്ദന്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമായിരുന്നു മോദിയെ വ്യക്തിപരമായി ഉണ്ണി മുകുന്ദന്‍ കണ്ടത്. ഉണ്ണി മുകുന്ദനെ കൂടാതെ സുരേഷ് ഗോപി, നവ്യ നായര്‍, അപര്‍ണ ബാലമുരളി, ഗായകന്‍ വിജയ് യേശുദാസ്, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്‍റണി, ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യുവം പരിപാടിയുടെ ഭാഗമായിരുന്നു.
ഉണ്ണി മുകുന്ദന് പിന്നാലെ 'മേപ്പടിയാന്‍' സംവിധായകന്‍ വിഷ്‌ണു മോഹനും മോദിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. വിവാഹ ക്ഷണം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ സന്ദര്‍ശനം. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്‌ണന്‍റെ മകള്‍ അഭിരാമിയാണ് വിഷ്‌ണുവിന്‍റെ ഭാവി വധു. മോദിയെ കണ്ട സന്തോഷം പങ്കുവച്ച് വിഷ്‌ണുവും രംഗത്തി.
- " class="align-text-top noRightClick twitterSection" data="">
'നടന്നത് സ്വപ്‌നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. വിവാഹത്തിന്‍റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക്കുണ്ടായി. കേരളീയ വേഷത്തിൽ ഋഷി തുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതിയായിരുന്നു.
വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനില്ലെന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്‌കാലം മുഴുവൻ നീണ്ടു നിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷ നിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. 'വിവാഹത്തില്‍ പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും' -എന്ന ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ലെങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. നന്ദി മോദിജി' -വിഷ്‌ണു മോഹന്‍ കുറിച്ചു.
Also Read: 'നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കാനായതില്‍ സന്തോഷം' ; വികാരനിര്‍ഭര കുറിപ്പുമായി ഉണ്ണി മുകുന്ദന്‍