ന്യൂഡല്‍ഹി: ക്രിമിനൽ കേസ് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉന്നാവോയിലെ ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടി സുപ്രീം കോടതിയിൽ. ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയുടെ പിതാവ് തനിക്കെതിരെ ചുമത്തിയിരിക്കുന്ന ക്രിമിനൽ കേസ് ഡൽഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടി സുപ്രീംകോടതിയില്‍ ട്രാൻസ്‌ഫർ പെറ്റീഷന്‍ സമർപ്പിച്ചാണ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖ വ്യാജമാണെന്നായിരുന്നു പ്രതിയുടെ പിതാവ് ക്രിമിനൽ കേസ് ഫയല്‍ ചെയ്‌ത് കോടതിയെ അറിയിച്ചത്.
ഉന്നാവോ വിചാരണ കോടതിയിൽ ഹാജരാകുമ്പോൾ തന്‍റെ സുരക്ഷയ്‌ക്കും ജീവനും അപകടമുണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്നും അതിനാലാണ് കേസ് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും അവര്‍ കോടതിയെ അറിയിച്ചു. നിലവിൽ ഡൽഹിയിൽ വിചാരണ നടക്കുന്ന കേസിലെ പ്രതികളായ മൂന്നുപേരിൽ ഒരാളായ ശുഭം സിങ്ങിന്‍റെ പിതാവാണ് കേസ് സമര്‍പ്പിച്ചത്. ഇതില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറിനെ തുടര്‍ന്ന് ഉന്നാവോയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് സ്‌റ്റേ ചെയ്യാനും പെൺകുട്ടി കോടതിയോട് ആവശ്യപ്പെട്ടു.
ജാമ്യമില്ലാ വാറണ്ട് റദ്ദാക്കുന്നതിനോ പിന്‍വലിക്കുന്നതിനോ വേണ്ടി ഉന്നാവോയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചതായും അവര്‍ ഹർജിയിൽ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നിന്ന് തന്നെ വലിച്ചിഴച്ച് ഉന്നാവോയിലേക്ക് കൊണ്ടുവരാനുള്ള ക്രിമിനൽ നീതിന്യായ പ്രക്രിയയുടെ ദുരുപയോഗമാണ് കൗണ്ടർ കേസിലൂടെ കണ്ടത്. ഇതിലൂടെ അപകടത്തിനും പരിക്കിനുമുള്ള സാധ്യത മാത്രമല്ല, ഓർമയില്‍ തുടരെ തുടരെ ബലാത്സംഗം ചെയ്യുന്നതിന് സമമാണെന്നും പെണ്‍കുട്ടി കോടതിയെ ധരിപ്പിച്ചു.
മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗാണ് 2017ൽ യുവതിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത്. തുടര്‍ന്ന് 2019 ഓഗസ്‌റ്റ് ഒന്നിന് ഹര്‍ജിക്കാരിയെ ബലാത്സംഗം, കൂട്ടബലാത്സംഗം, അവളുടെ പിതാവിന്‍റെ കൊലപാതകം, കസ്റ്റഡി മരണം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ സുപ്രീം കോടതി ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു. 45 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു. അതിജീവിച്ച പെണ്‍കുട്ടിക്കും അമ്മയ്‌ക്കും മറ്റ് കുടുംബാംഗങ്ങൾക്കും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആര്‍പിഎഫ്) സുരക്ഷ നൽകണമെന്നും സുപ്രീം കോടതി അന്ന് നിർദേശിച്ചിരുന്നു.