ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ അപ്പീലില്‍ സിബിഐയുടെ പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി. ഉന്നാവോ പീഡനക്കേസ് ഇരയുടെ പിതാവിന്‍റെ കസ്റ്റഡി മരണത്തില്‍ 10 വര്‍ഷം തടവ് വിധിച്ചതിനെ ചോദ്യം ചെയ്‌താണ് അപ്പീല്‍. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് വിബു ബക്രുവാണ് സിബിഐക്ക് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ നവംബര്‍ 10ന് കോടതി വീണ്ടും വാദം കേള്‍ക്കും.
ഉന്നാവോ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയായ എംഎല്‍എയുടെ നിയമസഭാഗംത്വം ഫെബ്രുവരി 25ന് എടുത്തു കളഞ്ഞിരുന്നു. സെന്‍ഗാറിന്‍റെ നിര്‍ദേശപ്രകാരം ആയുധ നിയമത്തിന്‍റെ കീഴില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയിലിരിക്കെ 2018 ഏപ്രില്‍ 9 ന് മരിച്ചിരുന്നു. കേസില്‍ സെന്‍ഗാറിനും അഞ്ച് പേര്‍ക്കും വിചാരണ കോടതി മാര്‍ച്ച് 13ന് 10 വര്‍ഷത്തെ കഠിന തടവും 10 ലക്ഷം പിഴയും വിധിച്ചു.