ബെംഗളൂരു: ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ സ്ഥാനം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അനുസരിക്കുമെന്ന് കർണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ. ബൊമ്മെ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന മുന്‍ ഉപമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്‍റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ഈശ്വരപ്പ നയം വ്യക്തമാക്കിയത്. ഒരാഴ്‌ചക്കുള്ളില്‍ മന്ത്രിസഭ രൂപീകരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തീരുമാനം അനുസരിക്കും
കേന്ദ്ര നേതൃത്വം ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ തന്നാല്‍ സ്വീകരിക്കും. എംഎല്‍എയായി തുടര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദേശമെങ്കില്‍ അതും അനുസരിക്കും. ഏത് പദവി തന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി അംഗീകരിച്ചു. രാമരാജ്യം നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഈശ്വരപ്പ പറഞ്ഞു.
ഇടഞ്ഞ് ജഗദീഷ് ഷെട്ടാര്‍
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ബൊമ്മെ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ ആത്മാഭിമാനവും മനസാക്ഷിയും പുതിയ മന്ത്രിസഭയില്‍ ചേരാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഷെട്ടാറിന്‍റെ പ്രസ്‌താവന. യെര്യൂരപ്പ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു ജഗദീഷ് ഷെട്ടാര്‍.
'ഞാന്‍ നിയമസഭാംഗമാണ്. പാര്‍ട്ടി അധ്യക്ഷനായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും മുതിര്‍ന്ന നേതാവെന്ന നിലയിലും ബൊമ്മെ മന്ത്രിസഭയില്‍ ചേരാന്‍ എന്‍റെ ആത്മാഭിമാനവും മനസാക്ഷിയും അനുവദിക്കുന്നില്ല. യെദ്യൂരപ്പ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹം മുതിര്‍ന്ന നേതാവായിരുന്നത് കൊണ്ടാണ്,' അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഷെട്ടാറിന്‍റെ പ്രസ്‌താവനക്ക് പിന്നാലെ അനുനയ സ്വരവുമായി മുഖ്യമന്ത്രി ബൊമ്മെ രംഗത്തെത്തി. ഷെട്ടാര്‍ മുതിര്‍ന്ന നേതാവാണെന്നും തനിക്ക് അദ്ദേഹത്തിനോട് ഒരുപാട് ആദരവുണ്ടെന്നും ഇക്കാര്യം സംസാരിക്കുമെന്നും ബൊമ്മെ പറഞ്ഞു.
Also read: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് സോമപ്പ ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു