ന്യൂഡൽഹി : കായിക രംഗത്തെ തകർക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളോട് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. ഗുസ്‌തി കായിക താരങ്ങൾ തങ്ങളുടെ മെഡലുകൾ ഹരിദ്വാറിൽ വച്ച് ഗംഗ നദിയിൽ ഒഴുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് താക്കൂറിന്‍റെ പരാമർശം. അതേസമയം റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ആരോപണങ്ങളുടെ അന്വേഷണത്തിൽ ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രി ഗുസ്‌തി താരങ്ങളോട് അഭ്യർഥിച്ചു.
വലിച്ചിഴച്ച് പൊലീസ് : വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിതനായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒളിമ്പ്യൻമാരായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളാണ് പ്രതിഷേധത്തിന് തെരുവിലിറങ്ങിയിട്ടുള്ളത്. രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രതിഷേധിച്ച താരങ്ങളെ ഞായറാഴ്‌ച ഇവിടെ നിന്ന് ഒഴിപ്പിക്കുകയും സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കുകയും ചെയ്‌തിരുന്നു.
also read : മാര്‍ച്ച് തടഞ്ഞ് പൊലീസ്, ബാരിക്കേഡുകള്‍ മറികടന്ന് ഗുസ്‌തി താരങ്ങള്‍ ; രാജ്യതലസ്ഥാനത്ത് സംഘര്‍ഷം
കണ്ണുനീരായി ഗംഗ നദി തീരം : കസ്‌റ്റഡിയിൽ എടുത്ത താരങ്ങളെ പിന്നീട് വിട്ടയക്കുകയായിരുന്നു. ശേഷം ചൊവ്വാഴ്‌ച ഹരിദ്വാറിലെ ഗംഗ നദിയിൽ മെഡലുകൾ ഒഴുക്കി പ്രതിഷേധിക്കുമെന്ന് താരങ്ങൾ പറയുകയും 100 കണക്കിന് അനുയായികൾക്കൊപ്പം ഹർ കി പൗരിയിൽ ഗുസ്‌തി താരങ്ങൾ എത്തിച്ചേരുകയും ചെയ്‌തു. ശേഷം ഏറെ വൈകാരികമായ സംഭവവികാസങ്ങളാണ് ഗംഗ നദി തീരത്ത് അരങ്ങേറിയത്.
മെഡലുകളുമായി എത്തിയ താരങ്ങളെ അനുനയിപ്പിക്കാൻ കർഷക നേതാവ് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ നേതാക്കൾ ഇടപെടുകയായിരുന്നു. താരങ്ങളുടെ കയ്യിൽ നിന്നും കർഷക നേതാക്കൾ മെഡലുകൾ വാങ്ങുകയും അവരെ ആശ്വസിപ്പിച്ച് വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് അഞ്ച് ദിവസത്തെ സമയം കര്‍ഷക നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം തങ്ങൾ കായികത്തിനും കായിക താരങ്ങൾക്കുമൊപ്പമാണെന്ന് പറഞ്ഞ കായിക മന്ത്രി ആരാണ് താരങ്ങൾക്ക് പിന്തുണ നൽകിയത് എന്ന ചോദ്യത്തിനോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
പരിഹസിച്ച് ബ്രിജ് ഭൂഷൺ : എന്നാൽ ഗുസ്‌തി താരങ്ങളുടെ വൈകാരിക നാടകമാണിതെന്നും തനിക്കെതിരായ ആരോപണം തെളിയിക്കപ്പെട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്നും ബ്രിജ് ഭൂഷൺ സിങ് ഉത്തർ പ്രദേശിൽ നടന്ന പൊതു റാലിയിൽ വച്ച് പരിഹാസ്യ ഭാവത്തിൽ മറുപടി നൽകി. ഡൽഹി പൊലീസ് വിഷയം അന്വേഷിക്കുകയാണെന്നും താരങ്ങളുടെ ആരോപണത്തിൽ സത്യമുണ്ടെങ്കിൽ തന്നെ അറസ്‌റ്റ് ചെയ്യുമെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ചർച്ച ചെയ്യാൻ ഉത്തർ പ്രദേശിൽ വ്യാഴാഴ്‌ച മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നരേഷ് ടികായത്ത് അറിയിച്ചിട്ടുണ്ട്.
തെളിവുകളില്ലെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതം : അതേസമയം ബ്രിജ് ഭൂഷൺ സിങിനെതിരായ അന്വേഷണത്തിൽ ഡൽഹി പൊലീസിന് മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്ന റിപ്പോർട്ടുകൾ ഡൽഹി പൊലീസ് തള്ളിയിരുന്നു. തെളിവുകളില്ലാത്ത അന്തിമ റിപ്പോർട്ട് പൊലീസ് ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണെന്ന തരത്തിൽ മാധ്യമങ്ങളിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകളാണ് ഡൽഹി പൊലീസ് തള്ളിയത്. കൂടാതെ ബ്രിജ് ഭൂഷൺ സിങിനെതിരായ കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.