ഉത്തരകാശി: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ഇന്ത്യൻ ബോർഡർ പൊലീസ് ഫോഴ്‌സ് ഡിജി ദേസ്വാളും ഉത്തരകാശിയിലെത്തി. ഇന്തോ-ചൈന അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉത്തരാഖണ്ഡിലെ ഉത്തരാകാശിയിലാണ് ഇരുവരും രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയത്. അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈനികരുമായി ഇരുവരും സംവദിക്കും. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇരുവരും ചേർന്ന് ഐടിബിപി വാട്ടർ സ്‌പോർട്‌സ് ട്രെയിനിങ് സെന്‍റർ ഉദ്‌ഘാടനം ചെയ്യും.
ഇന്ന് രാവിലെ ഹെലികോപ്റ്ററിലാണ് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ഐടിബിപി ഡിജി എസ്എസ് ദേസ്വാൾ എന്നിവർ നെലാംഗ് വാലിയിലെത്തിയത്. ഐടിബിപി മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഇരുവരും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇന്തോ-ചൈന അതിർത്തിയിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ഐടിബിപി ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി നാഗാ ഔട്ട്‌പോസ്റ്റ് സന്ദർശിക്കുകയും സ്ഥലത്തെ സൈനികരുമായി സംവദിക്കുകയും ചെയ്യും.