ന്യൂഡൽഹി: കർഷകർക്ക് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ബജറ്റ് 2022. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. താങ്ങുവില ഉറപ്പാക്കാൻ 2.37 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി.
രാസവള രഹിത കൃഷി പ്രോത്‌സാഹിപ്പിക്കും. ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന്‍റെ ആദ്യഘട്ടം എന്ന നിലയിൽ ഗംഗാനദിയുടെ 5 കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ കർഷകരുടെ ഭൂമി കേന്ദ്രീകരിച്ച് രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും.
കർഷകർക്ക് ഡ്രോൺ സഹായം
2021-22 റാബി സീസണിലെ ഗോതമ്പ് സംഭരണത്തിനും 2021-22 ഖാരിഫ് സീസണിലെ നെല്ല് സംഭരിക്കുന്നതിനുമായി 163 ലക്ഷം കർഷകരിൽ നിന്ന് 1208 ലക്ഷം മെട്രിക് ടൺ ഗോതമ്പും നെല്ലും സംഭരിക്കും. കൂടാതെ 2.37 ലക്ഷം കോടി രൂപ കർഷകർക്ക് മിനിമം താങ്ങുവില അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.
കാർഷിക മേഖലയിൽ ഡ്രോണുകളുടെ സഹായം ഉറപ്പാക്കാനായി കിസാൻ ഡ്രോണുകൾ പ്രഖ്യാപിച്ചു. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ, വളങ്ങൾ എന്നിവ തളിക്കുന്നതിന് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
മില്ലറ്റ് ഉത്‌പാദനം പ്രോത്‌സാഹിപ്പിക്കും
2023 ഇന്‍റർനാഷണൽ ഇയർ ഓഫ് മില്ലറ്റ് ആയി പ്രഖ്യാപിച്ചു. വിളവെടുപ്പിനു ശേഷമുള്ള മൂല്യവർധന, ആഭ്യന്തര ഉപഭോഗം വർധിപ്പിക്കൽ, ദേശീയ അന്തർദേശീയ തലങ്ങളിൽ മില്ലറ്റ് ഉൽപന്നങ്ങളുടെ ബ്രാൻഡിങ് എന്നിവയ്ക്ക് പിന്തുണ നൽകും. എണ്ണ വിത്തുകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനായി എണ്ണ വിത്തുകളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള യുക്തിസഹവും സമഗ്രവുമായ പദ്ധതി നടപ്പിലാക്കും.
അഞ്ച് നദീസംയോജന പദ്ധതികൾ പ്രഖ്യാപിച്ചു. പദ്ധതിയുടെ രൂപരേഖ തയാറായതായും മന്ത്രി അറിയിച്ചു.
പ്രകൃതി ദത്ത, സീറോ ബജറ്റ്, ജൈവകൃഷി, ആധുനിക കാലത്തെ കൃഷി എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്‌കരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.