ന്യൂഡല്‍ഹി : വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ ലോക്‌സഭയിൽ തിങ്കളാഴ്‌ച അവതരിപ്പിക്കും. ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം അവതരിപ്പിക്കുന്ന ആദ്യ ബില്ലായിരിക്കും ഇത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിക്കുക. ഉച്ചയ്ക്ക് ശേഷം ബില്‍ ചർച്ച ചെയ്ത് പാസാക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ഇത് പരിഗണനയ്ക്ക് എത്തുന്നത്.
also read: Omicron : അന്താരാഷ്‌ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് ഇന്ത്യ പുനപ്പരിശോധിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസുമായി കൂടിയാലോചിച്ച ശേഷമാണ് കൃഷി മന്ത്രാലയം ബില്ലിന് അന്തിമരൂപം നൽകിയതെന്നാണ് വിവരം. ഈ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്.
ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം ഇതടക്കം 26 ബില്ലുകളാണ് സര്‍ക്കാര്‍ ലോക് സഭയില്‍ അവതരിപ്പിക്കുക. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം.