ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിൽ സർക്കാർ നിലപാട് കർഷകരെ അറിയിച്ചെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. കർഷകരുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയാറാകണമെന്നും മന്ത്രി കർഷകരോട് അഭ്യർഥിച്ചു. നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം നിയമങ്ങൾ റദ്ദാക്കാതെ പിന്നോട്ടില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു. കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രതിഷേധം തുടരുകയാണ്. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന ഉറച്ച നിലപാടിലാണ് കർഷക നേതാക്കൾ.