മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത ഫോണ്‍ കോള്‍. മുംബൈയില്‍ കാലുകുത്തിയാല്‍ രാജ്യത്ത് നിര്‍മിച്ച പിസ്‌റ്റല്‍ ഉപയോഗിച്ച് പവാറിനെ കൊല്ലുമെന്ന തരത്തിലായിരുന്നു ഭീഷണി. അജ്ഞാതനായ വ്യക്തിയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ഹിന്ദിയില്‍ വിളിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്ന് ശരദ് പവാര്‍ പറഞ്ഞു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ എന്‍സിപി അധ്യക്ഷന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഗാംദേവി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്‌തു. അജ്ഞാതനായ വ്യക്തിയ്‌ക്കെതിരെ പൊലീസ് ഐപിസിയിലെ 294, 506(2) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
അതേസമയം, അജ്ഞാത ഫോണ്‍ കോള്‍ നടത്തിയ വ്യക്തി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും സ്ഥിരമായി പവാറിന്‍റെ വസതിയില്‍ വിളിച്ച് ഭീഷണി മുഴക്കാറുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി എന്‍സിപി വക്താവ് മഹേഷ് താപസെ അറിയിച്ചു. പവാറിന്‍റെ 82-ാം പിറന്നാള്‍ ആഘോഷത്തിന്‍റെ അടുത്ത ദിവസമാണ് ഭീഷണി ഫോണ്‍ കോള്‍ വന്നത്. പവാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ പാര്‍ട്ടിയിലെ പ്രമുഖരടക്കം പങ്കെടുത്തിരുന്നു.
ഈ വര്‍ഷം മെയ് മാസത്തില്‍ പവാറിനെതിരെ ചില ഭീഷണി സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഏപ്രില്‍ മാസത്തില്‍ മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ പേരില്‍ ചില പ്രതിഷേധ പ്രവര്‍ത്തകര്‍ പവാറിന്‍റെ വസതി ആക്രമിച്ചിരുന്നു.