നവാഡ(ബിഹാര്‍): ലോണ്‍ തിരിച്ചടയ്‌ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആറുപേരടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്‌തു. ബിഹാറിലെ നവാഡയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ലോണ്‍ തിരിച്ചടയ്‌ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കടക്കാരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് ആറംഗ കുടുംബം വിഷം കഴിച്ചതെന്നും ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കേദാര്‍ ലാല്‍ ഗുപ്‌ത(55), ഗുഡിയ കുമാര്‍(45), സാക്ഷി കുമാര്‍(18), പ്രിന്‍സ് കുമാര്‍ (17), ശബ്‌നം കുമാരി(19) തുടങ്ങിയവരാണ് മരിച്ചത്. സ്ഥലത്തെ പഴക്കച്ചവടക്കാരനായിരുന്നു മരിച്ച കേദാര്‍ ലാല്‍ ഗുപ്‌ത. ജില്ലയിലെ ന്യൂ മൊഹല്ല പ്രദേശത്തായിരുന്നു ഇവരുടെ താമസം.
ഇന്നലെ രാത്രി വിഷം കഴിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ദേവാലയത്തില്‍ ആറ് പേരെയും പ്രദേശവാസികള്‍ ബോധരഹിതരായി കണ്ടു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെടുകയായിരുന്നു. കടം തിരിച്ചടയ്‌ക്കാത്തതിന്‍റെ പേരില്‍ ഇവരെ ഭീഷണിപ്പെടുത്തിയ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.
കേദാര്‍ ലാല്‍ ഗുപ്‌തയുടെ മകള്‍ സാക്ഷിയുടെ ആത്മഹത്യ കുറിപ്പ് : 'പപ്പ ലോണായി കുറച്ച് പൈസ കടം എടുത്തിരുന്നു. മൂന്നോ നാലോ പേര്‍ നിരന്തരം പപ്പയെ ലോണ്‍ തിരിച്ചടയ്‌ക്കാത്തതിന്‍റെ പേരില്‍ ഉപദ്രവിക്കുമായിരുന്നു. മൂന്ന് നാല് മാസമായി പപ്പയുടെ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ എല്ലാവരും വന്ന് നാളെ പണം തന്നില്ല എങ്കില്‍ കാണിച്ച് തരാം എന്നുപറഞ്ഞ് പപ്പയെ ഭീഷണിപ്പെടുത്തി. അതിനാലാണ് ഞങ്ങള്‍ വിഷം കഴിച്ചത്'.
നവാഡ ടൗണില്‍ ഫ്രൂട്ട്സ് കട നടത്തി വരികയായിരുന്ന കേദാര്‍ ലാല്‍ ഗുപ്‌ത ബിസിനസ് ആവശ്യങ്ങള്‍ക്കായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും പണമിടപാടുകാരുടെ കൈയ്യില്‍ നിന്നും 12 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍, പണമിടപാടുകാര്‍ പലിശസഹിതം തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് നാള്‍ കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍, അവര്‍ സാവകാശം നല്‍കിയില്ല, കൂടാതെ അവര്‍ നിന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.ഇതിനാലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കേദാര്‍ ലാല്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
കേദാര്‍ ലാല്‍ ആത്മഹത്യ കുറിപ്പെഴുതിയത് രണ്ട് പേജില്‍: ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് കേദാര്‍ ലാല്‍ കുറിപ്പെഴുതിയത്. പണം വാങ്ങിയവരുടെ പേരും മേല്‍വിലാസവും രണ്ട് പേജുകളിലായി കുറിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ ചിതലിനെപ്പോലെ നാട് മുഴുവന്‍ നശിപ്പിക്കുകയാണെന്ന് കേദാര്‍ ലാല്‍ കുറിച്ചു. 'മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരികയുള്ളൂ, ബന്ധപ്പെട്ട അധികാരികള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്' - നവാഡ എസ്‌പി ഗൗരവ് മംഗ്ല പറഞ്ഞു.