കട്ടക്ക് : ഒഡിഷയിലെ കട്ടക്കിൽ ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറെ കുത്തിക്കൊന്നു. മഹിശിലാന്ദ സ്വദേശി ലക്കി റൗട്ട് ആണ് മരിച്ചത്. കളിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടര്‍ന്ന് സ്‌മൃതി രഞ്ജൻ റൗട്ട് എന്ന യുവാവാണ് ഇയാളെ കൊലപ്പെടുത്തിയത്. ഞായറാഴ്‌ച കട്ടക്കിലെ ചൗദ്വാറിൽ നടന്ന ടൂർണമെന്‍റിനിടെ നിസാര കാര്യത്തിന്‍റെ പേരിലാണ് ക്രിക്കറ്റിൽ അമ്പയർ ആയിരുന്ന ലക്കി റൗട്ടിനെതിരെ ആക്രമണമുണ്ടായത്.
സംഭവത്തിന് ശേഷം പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
സംഭവം നടന്നത് ഇങ്ങനെ: ചൗദ്വാർ പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മഹിസലന്ദ ഗ്രാമത്തിൽ ഞായറാഴ്‌ച ക്രിക്കറ്റ് ടൂർണമെന്‍റ് നടക്കുകയായിരുന്നു. ഗ്രാമങ്ങളായ ബെർഹാംപൂരിലെയും ശങ്കർപൂരിലെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ അമ്പയര്‍ ആയിരുന്ന ലക്കി റൗട്ട് തെറ്റായ തീരുമാനമെടുത്തെന്ന് ആരോപിച്ച് ബെർഹാംപൂരിൽ നിന്നുള്ള കളിക്കാരിലൊരാളായ ജഗ്ഗ ലക്കിയെ ബാറ്റുകൊണ്ട് അടിച്ചു.
ഇതിനിടെ ഗ്രൗണ്ടിലെത്തിയ സ്‌മൃതി രഞ്ജൻ റൗട്ട് എന്ന മോനു ലക്കിയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്കി റൗട്ടിനെ ഉടൻ തന്നെ എസ്‌സിബി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read:കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവം: റെയിൽവേ ട്രാക്കിൽ മൂന്ന് പേർ മരിച്ചനിലയിൽ
'മത്സരത്തിനിടെ ആദ്യ പന്ത് കളിച്ച ബെര്‍ഹാംപൂരിന്‍റെ ബാറ്റ്‌സ്‌മാൻ പുറത്തായി. അമ്പയറുടെ തീരുമാനത്തെച്ചൊല്ലി ഇരു ടീമുകളും തമ്മിൽ വാക്ക് തർക്കമുണ്ടായി. വഴക്ക് മൂർച്ഛിക്കുകയും ബെർഹാംപൂരിൽ നിന്നുള്ള കളിക്കാരിലൊരാളായ ജഗ്ഗ ലക്കിയെ ബാറ്റുകൊണ്ട് അടിക്കുകയും ചെയ്‌തു. ദേഷ്യത്തിൽ, ഗാലറിയില്‍ ഉണ്ടായിരുന്ന സ്‌മൃതി രഞ്ജൻ റൗട്ട് ഗ്രൗണ്ടിൽ പ്രവേശിച്ച് ലക്കിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ലക്കിക്ക് ഗുരുതരമായി പരിക്കേറ്റു. ജഗ്ഗ പിന്നിൽ നിന്ന് വന്ന് ലക്കിയുടെ കൈകൾ പിടിച്ച് വച്ചു. പിന്നാലെ സ്‌മൃതി രഞ്ജൻ കുത്തുകയായിരുന്നു. അക്രമികളെ ഗ്രാമവാസികൾ പിടികൂടി', സംഭവത്തിന്‍റെ ദൃക്‌സാക്ഷിയും അമ്പയർമാരില്‍ ഒരാളുമായ പൃഥിരഞ്ജൻ സമൽ പറഞ്ഞു.
യുവാവിനെ വെട്ടി കൊലപ്പെടുത്തി: നവി മുംബൈയിൽ കോഴികളെ മോഷ്‌ടിക്കാനെത്തിയ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. പൻവേൽ സിറ്റി പരിധിയിലുള്ള വിനയ് പാട്ടീലാണ് (19) കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം.
കോഴി മോഷ്‌ടാക്കളെ കണ്ട വിനയ് അവരെ പിന്തുടർന്നു. ഇതിനെ തുടർന്ന് വിനയ് പാട്ടിലീനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ അന്ന് രാത്രി തന്നെ പിടികൂടിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
പുലർച്ചെ വിനയ്‌യെ വീട്ടിൽ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ഒടുക്കം ആളൊഴിഞ്ഞ സ്ഥലത്ത് ഇയാളെ ബോധരഹിതനായി കണ്ടെത്തി. നാട്ടുകാർ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Also Read: IPL 2023 | 'പവര്‍ ഹിറ്റര്‍' നേഹല്‍ വധേര; അരങ്ങേറ്റ മത്സരത്തില്‍ ആരാധക മനം കവര്‍ന്ന് മുംബൈ താരം