ചെന്നൈ: യുഎൻഎച്ച്‌ആർസിയുടെ 46-ാമത് ജനറൽ കൗൺസിലിൽ ശ്രീലങ്കക്കെതിരായ പ്രമേയത്തിൽ ഇന്ത്യ വോട്ട് ചെയ്യാതിരുന്നത് കടുത്ത വിശ്വാസവഞ്ചനയായിരുന്നുവെന്ന് നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമലഹാസൻ. ട്വിറ്ററിലാണ് പ്രതികരണം.
ശ്രീലങ്കയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടത്താൻ യുകെ ഉൾപ്പെടെ ആറ് രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീലങ്കൻ സർക്കാരിനെതിരെ മനുഷ്യാവകാശ സമിതിയിൽ യുഎൻ പ്രമേയം കൊണ്ടുവന്നതായും അദേഹം ട്വിറ്ററിൽ കുറിച്ചു.
ശ്രീലങ്കയെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാക്കി യുദ്ധക്കുറ്റത്തിന് ശിക്ഷിക്കണമെന്നതായിരുന്നു തമിഴ് പ്രവാസികളുടെ ആവശ്യം. പ്രമേയത്തിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ വോട്ട് ചെയ്യുമെന്ന് ലോകത്താകമാനമുള്ള തമിഴർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇത് തമിഴർക്കെതിരെയും തമിഴ് താൽപ്പര്യങ്ങൾക്കെതിരെയുമുള്ള കേന്ദ്രസർക്കാരിന്‍റെ വഞ്ചനയാണെന്നും സൂപ്പർ താരം കൂട്ടിച്ചേർത്തു.
47 അംഗ കൗൺസിലിലെ 22 രാജ്യങ്ങൾ ശ്രീലങ്കക്കെതിരായ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. ചൈന, റഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 11 രാജ്യങ്ങൾ ശ്രീലങ്കക്കെതിരെ വോട്ട് ചെയ്തപ്പോൾ ഇന്ത്യ, നേപ്പാൾ, ജപ്പാൻ എന്നിവയുൾപ്പെടെ 14 അംഗരാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.