ന്യൂഡൽഹി : ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ. ഈ ആവശ്യമുന്നയിച്ച് ഒരു കൂട്ടം വിദ്യാർഥികൾ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി. 'സേവ് കരിയർ ഓഫ് യുക്രൈൻ സ്റ്റുഡന്‍റ്സ്' എന്ന പ്ലക്കാർഡുമായാണ് വിദ്യാർഥികളെത്തിയത്.
ഓപ്പറേഷൻ ഗംഗ നടത്തി കുട്ടികളെ സുരക്ഷിതമായി തിരികെ എത്തിച്ച സർക്കാരിന്‍റെ ശ്രമങ്ങൾക്ക് നന്ദി പറയുന്നു. കുട്ടികളുടെ ഭാവിക്കായാണ് ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരുക്കുന്നത്. ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ പഠനം തുടരാനുള്ള അവസരം ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നത് - രക്ഷിതാവായ ആർ ബി ഗുപ്‌ത പറഞ്ഞു.
യുക്രൈനിലെ ഖാർകിവിലെ ഒരു സർവകലാശാലയിലെ വിദ്യാർഥിയാണ്. പ്രതിസന്ധികൾ പരിഹരിച്ച് ഞങ്ങളെ എല്ലാവരെയും ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. യുദ്ധം കാരണം ഞങ്ങളുടെ ഓൺലൈൻ ക്ലാസുകളും തടസപ്പെട്ടു - ഒരു വിദ്യാർഥി പറഞ്ഞു.
അതേസമയം മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർ പഠനത്തിനായി യുക്രൈന്‍റെ അയൽ രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ ലോക്‌സഭയിൽ പറഞ്ഞിരുന്നു. ഹംഗറി, റൊമാനിയ, കസാക്കിസ്ഥാൻ, പോളണ്ട് തുടങ്ങി യുക്രൈന്‍റെ അയൽരാജ്യങ്ങൾ സമാനമായ വിദ്യാഭ്യാസ മാതൃകകൾ ഉണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.