നാഗ്‌പൂർ (മഹാരാഷ്‌ട്ര): പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലെത്തി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവൻ ഉദ്ധവ് താക്കറെ. ബാബാസാഹേബ് അംബേദ്‌കർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ താക്കറെക്ക് വലിയ സ്വീകരണം നൽകിയാണ് പാർട്ടി പ്രവർത്തകർ വരവേറ്റത്.
തുടർന്ന് ഉദ്ധവ് താക്കറെ യവത്മാലിലേക്ക് പോയി. വൈകുന്നേരത്തോടെ താക്കറെ പൊഹ്‌റ ദേവി ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ശേഷം നാഗ്‌പൂർ, യവത്മാൽ, വാഷിം, അമരാവതി, അകോല ജില്ലകളിലെ ഭാരവാഹികളുമായി താക്കറെ കൂടിക്കാഴ്‌ച നടത്തുമെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്‌ച ഉദ്ധവ് താക്കറെ അമരാവതിയിലെയും അകോലയിലെയും ഭാരവാഹികളുടെ സ്വതന്ത്ര യോഗം നടത്തും. നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പാർട്ടിയെ വിഭജിച്ച് പുതിയ കക്ഷി രൂപീകരിച്ചതിനാൽ തന്നെ ഉദ്ധവ് താക്കറെയുടെ വിദർഭ സന്ദർശനം അദ്ദേഹത്തിന്‍റെ പാർട്ടിയുടെ വളർച്ചയ്‌ക്ക് വളരെ പ്രധാനമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഉദ്ധവിന്‍റെ വിദർഭ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. അധികാരത്തിലിരുന്നപ്പോൾ ഉദ്ധവ് താക്കറെ ഇതുപോലെ സംസ്ഥാന പര്യടനം നടത്തിയിരുന്നെങ്കിൽ ഏക്‌നാഥ് ഷിൻഡെ തങ്ങളോടൊപ്പം ചേരില്ലായിരുന്നു എന്ന് മഹാരാഷ്‌ട്ര മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു. ഒരാൾ കഠിനാധ്വാനം ചെയ്യണമെന്നും വീട്ടിൽ ഇരിക്കുന്നത് പാർട്ടിയെ സഹായിക്കില്ലെന്നും സുധീർ മുൻഗന്തിവാർ ഉദ്ധവിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
കൂടുമാറി നിരവധി പേർ : ഇതിനകം തന്നെ ഉദ്ധവ് താക്കറെയുടെ നിരവധി അനുയായികളാണ് ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്നത്. അടുത്തിടെ മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ നീലം ഗോർഹെ ഉദ്ധവ് പക്ഷം വിട്ട് ഏക്‌നാഥ് ഷിൻഡെയുമായി കൈകോർത്തിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് ജൂലൈ ഏഴിന് നീലം ഗോർഹെ ശിവസേനയില്‍ ചേര്‍ന്നത്.
ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നും അതുകൊണ്ടാണ് താൻ ഇവിടേക്ക് എത്തിയതെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നീലം ഗോര്‍ഹെ പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡ് മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമാണ് ശിവസേനയെന്നും ഇക്കാരണങ്ങളാണ് തന്നെ അവിടേക്ക് അടുപ്പിച്ചതെന്നും ഗോര്‍ഹെ വ്യക്‌തമാക്കിയിരുന്നു.
ALSO READ : Neelam Gorhe | ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി ; ഷിന്‍ഡെ പക്ഷത്ത് ചേക്കേറി നീലം ഗോര്‍ഹെ
കഴിഞ്ഞ മാസം എംഎല്‍സി മനീഷ കയാണ്ഡെയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. ശിവസേനയുടെ സെക്രട്ടറിയും വക്താവുമായിരുന്നു മനീഷ കയാണ്ഡെ. ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയാണ് യഥാർഥ ശിവസേനയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മനീഷ, ഷിൻഡെ പക്ഷത്തിലേക്ക് പോയത്.
കഴിഞ്ഞ ജൂണിൽ അധികാരമേറ്റ ശേഷം ഷിൻഡെ സർക്കാർ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. എൻസിപിയുടെയും കോൺഗ്രസിന്‍റെയും അജണ്ടയാണ് ശിവസേന പ്രചരിപ്പിക്കുന്നതെന്നും മനീഷ ആരോപിച്ചു. മനീഷ ഷിൻഡെ പക്ഷത്തിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുൻപ് മുതിർന്ന നേതാവ് ശിശിർ ഷിൻഡെയും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ നിന്ന് രാജി വച്ചിരുന്നു.