മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രതികരണങ്ങളുമായി വിവിധ നേതാക്കൾ. നരേന്ദ്രമോദി രാജ്യത്തെ ഉന്നത നേതാവാണെന്നും അദ്ദേഹത്തെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രധാനമന്ത്രിയെ പുകഴ്‌ത്തി.
തർക്കങ്ങൾ ശാശ്വതമല്ലെന്നും അവയ്‌ക്ക് പരിഹാരം കണ്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് റാവത്ത് പ്രധാനമനത്രിക്ക് അനുകൂലമായി സംസാരിച്ചതോടെ സംസ്ഥാനത്തെ മഹാ വികാസ് അഗാഡി (എംവിഎ) സർക്കാർ ഉടൻ വീഴുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു.
എന്നാൽ സർക്കാരിനെ താഴെയിറക്കാനാവില്ലെന്നും ശക്തമായി മുന്നോട്ട് പോകുകയാണെന്നും ഊർജ മന്ത്രി നിതിൻ റാവത്ത് പ്രതികരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ സർക്കാര്‍ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശിവസേനയുമായി സഖ്യം ചേർന്ന് ബിജെപിക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ കഴിയും:രാംദാസ് അതവാലെ
അതേസമയം, ശിവസേന എൻഡിഎയിൽ ചേരണമെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാല ആവശ്യപ്പെട്ടു. കോൺഗ്രസും എൻസിപിയും ചേർന്ന് ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി-ശിവസേന സഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനം പങ്കിട്ട് മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വന്തമായി മത്സരിക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെ-പ്രധാനമന്ത്രി കൂടിക്കാഴ്‌ചക്ക് ശേഷം കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് നാനാ പട്ടോലെയുടെ പ്രതികരണം.
രാജ്യത്തെ പരമോന്നത കാര്യാലയമാണ് പ്രധാനമന്ത്രിയുടെ ഓഫിസെന്നും നരേന്ദ്രമോദി ആ പദവിയുടെ മഹത്വം നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെയും ശരദ് പവാറിന്‍റെയും കൂടിക്കാഴ്‌ചയിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.