മുംബൈ: മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോഷിയാരി മറാത്തികളെയും അവരുടെ അഭിമാനത്തെയും അപമാനിച്ചെന്നും സമുദായത്തിന്‍റെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും താക്കറെ പറഞ്ഞു.
ഗവർണർ സ്ഥാനത്ത് ഇരിക്കുന്ന ഒരാളെ അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആ കസേരയെ ബഹുമാനിക്കുന്നു. എന്നാൽ ഭഗത് സിങ് കോഷിയാരി മറാത്തികളെ അപമാനിച്ചു. ജനങ്ങൾക്കിടയിൽ രോഷമുണ്ട്, ഗവർണർ സമുദായത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഉദ്ധവ് താക്കറെ പറഞ്ഞു.
ഗവർണർ എന്നാൽ രാഷ്‌ട്രപതിയുടെ സന്ദേശവാഹകനാണ്. തെറ്റുകൾക്കെതിരെ നടപടി എടുക്കേണ്ടയാൾ തന്നെ ഇത്തരത്തിലുള്ള തെറ്റുകൾ ചെയ്‌താൽ പിന്നെ അയാൾക്കെതിരെ നടപടിയെടുക്കാൻ ആർക്ക് സാധിക്കും. മറാത്തികളെയും അവരുടെ അഭിമാനത്തെയുമാണ് അദ്ദേഹം അപമാനിച്ചത്, ഉദ്ധവ് കൂട്ടിച്ചേർത്തു.
ALSO READ: ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍ മുംബൈ സാമ്പത്തിക തലസ്ഥാനമല്ലാതെയാകും; മഹാരാഷ്‌ട്ര ഗവര്‍ണര്‍
മഹാരാഷ്‌ട്രയില്‍ നിന്ന് ഗുജറാത്തികളെയും, രാജസ്ഥാനികളെയും പുറത്താക്കിയാല്‍ സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ തകരുമെന്നായിരുന്നു ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ വിവാദ പരാമര്‍ശം. അന്ധേരിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗവര്‍ണര്‍ വിവാദ പ്രസ്‌താവന നടത്തിയത്.
കോഷിയാരിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഉയർന്നത്. വിവാദ പരാമര്‍ശം പിന്‍വലിച്ച് ഗവര്‍ണര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. കോഷിയാരിയുടെ പ്രസംഗത്തെ ശിവസേന എംപി സഞ്‌ജയ് റാവത്തും വിമർശിച്ചു.
'ബിജെപി സ്‌പോൺസേർഡ് മുഖ്യമന്ത്രി അധികാരത്തിൽ വരുമ്പോൾ തന്നെ മറാത്തി മനുഷ്യൻ അപമാനിക്കപ്പെടും. മുഖ്യമന്ത്രി ഷിൻഡെയെങ്കിലും ഗവർണറെ അപലപിക്കണം. ഇത് മറാത്തികളുടെ അധ്വാനത്തോടുള്ള അപമാനമാണ്. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി ഗവർണറുടെ രാജി ആവശ്യപ്പെടണം', റാവത്ത് ട്വീറ്റ് ചെയ്‌തു.