ന്യൂഡൽഹി : മോദി എന്ന പേര് മഹാരാഷ്‌ട്രയിൽ പ്രവർത്തിക്കില്ലെന്ന് കണ്ട് സ്വന്തം നേട്ടത്തിനായി ബാലാസാഹേബിന്‍റെ മുഖംമൂടി അണിയുകയാണ് ഷിൻഡെ പക്ഷമെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ബാലാസാഹേബ് ആരാണെന്ന് അവർ ആദ്യം മനസിലാക്കണം. മോദി എന്ന പേര് മഹാരാഷ്‌ട്രയിൽ പ്രവർത്തിക്കില്ലെന്ന് അവർക്കറിയാം. അതിനാൽ സ്വന്തം നിലനിൽപ്പിനും നേട്ടത്തിനുമായി അവർ ബാലാസാഹേബിന്‍റെ മുഖംമൂടി അണിയുകയാണ്. സുപ്രീം കോടതി പരിഗണിക്കുന്ന കേസാണിത്. അതിനാൽ തന്നെ സുപ്രീം കോടതി വിധിക്ക് മുൻപ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
എംഎൽഎമാരുടെയും എംപിമാരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പാർട്ടിയുടെ നിലനിൽപ്പ് തീരുമാനിക്കുന്നതെങ്കിൽ ഏത് മുതലാളിക്കും എംഎൽഎമാരെയും, എംപിമാരെയും വാങ്ങി മുഖ്യമന്ത്രിയാകാം. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഈ ഉത്തരവിനെതിരെ ഞങ്ങൾ തീർച്ചയായും സുപ്രീം കോടതിയെ സമീപിക്കും. സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി 16 എംഎൽഎമാരെയും അയോഗ്യരാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. താക്കറെ കൂട്ടിച്ചേർത്തു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇത് ബാലാസാഹേബിന്‍റെ വിജയം എന്നാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം ജനാധിപത്യത്തിന്‍റെ കൊലപാതകത്തിന് തുല്യമാണെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിലെ സഞ്ജയ് റാവത്തിന്‍റെ അഭിപ്രായപ്രകടനം. തനിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസമില്ലെന്നും തങ്ങളുടെ പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും റാവത്ത് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുൻ തീരുമാനങ്ങൾ അനുസരിച്ച് വിധി തങ്ങൾക്കനുകൂലമാകുമെന്ന ആത്‌മവിശ്വാസം ആദ്യം മുതൽക്കേ ഉണ്ടായിരുന്നു എന്നാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. 'മുഖ്യമന്ത്രി ഷിൻഡെയുടെ ശിവസേന യഥാർഥ ശിവസേനയായി മാറി. ബാലാസാഹേബ് താക്കറെയുടെ ചിന്തകൾ പിന്തുടർന്ന് ഹിന്ദുത്വത്തിനും സത്യത്തിനും വേണ്ടി പോരാടുന്ന മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് അഭിവാദ്യങ്ങൾ' - ഫഡ്‌നാവിസ് ട്വിറ്ററിൽ കുറിച്ചു.
ALSO READ: ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി ; ഷിൻഡെ വിഭാഗം ഇനി യഥാർഥ ശിവസേന, ചിഹ്നമായ അമ്പും വില്ലും സ്വന്തം
ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുത്തുകൊണ്ടാണ് ഏറെ നാളായി തുടർന്നുകൊണ്ടിരിക്കുന്ന പോരിന് തെരഞ്ഞെടുപ്പ് കമ്മിഷൻ തടയിട്ടത്. ശിവസേനയെന്ന പേരിന് പുറമെ ഔദ്യോഗിക ചിഹ്നമായി അമ്പും വില്ലും ഉപയോഗിക്കാനും ഷിൻഡെ പക്ഷത്തിന് അനുവാദം നൽകുകയായിരുന്നു.
വിമത നീക്കത്തിലൂടെ ശിവസേന പിളർന്നതിന് പിന്നാലെ 2022 നവംബറിൽ നടന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി ഇരുകൂട്ടരും പോരാട്ടം തുടങ്ങിയത്. തന്‍റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയാണ് ശിവസേനയെന്നും അതിനാൽ യഥാർഥ ശിവസേന തങ്ങളാണെന്നുമായിരുന്നു ഉദ്ധവ് താക്കറെയുടെ വാദം. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ഷിൻഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.