ദുബായ് : പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പ്രസ്താവനകളെ ശക്തമായി അപലപിച്ച് ഒമാനും യുഎഇയും. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും തള്ളിക്കളയുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനുമുള്ള ശ്രമങ്ങൾ ഒന്നിച്ചുനിന്ന് നേരിടണം. സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിന്‍റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങൾ ഒന്നിച്ചുനില്‍ക്കണമെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ ഇന്ത്യൻ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ഖത്തറും കുവൈത്തും പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രസ്‌താവനയിറക്കി. 'ചില വ്യക്‌തികൾ നടത്തിയ പ്രസ്‌താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. ഇത് വ്യക്‌തിപരമായ കാഴ്‌ചപ്പാടുകളാണ്' -. പ്രസ്‌താവനയിലൂടെ ഇന്ത്യ അറിയിച്ചു.
അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യമാണ് ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുണ്ട് - ഇന്ത്യ വിശദീകരിച്ചു. നേതാക്കള്‍ക്കെതിരെ നടപടി എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.
ഒരു ടിവി ചാനൽ ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവായ നൂപുർ ശർമ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. നൂപുർ ശർമയുടെ പ്രസ്‌താവന കാണ്‍പൂരിൽ കലാപത്തിനും വഴിയൊരുക്കിയിരുന്നു. അതേസമയം തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് നവീൻ ജിൻഡാൽ മുസ്ലിങ്ങള്‍ക്കെതിരെ ആക്ഷേപകരമായ രീതിയിൽ എഴുതിയത്.