മുംബൈ: ഈയിടെയാണ് സൗത്ത് അമേരിക്കന്‍ രാജ്യമായ ചിലി സ്വര്‍വർഗ വിവാഹം നിയമവിധേയമാക്കിയത്. ഇന്ത്യയില്‍ ഇപ്പോഴും സ്വവര്‍ഗ വിവാഹം നിയമപരമല്ല. സമൂഹത്തിന്‍റെ ചട്ടക്കൂടിന് പുറത്ത് നില്‍ക്കുന്നവരാണ് സ്വവര്‍ഗനുരാഗികള്‍. പങ്കാളികളെ കണ്ടെത്തിയാല്‍ പോലും സമൂഹത്തിന്‍റെ എതിർപ്പ് അതിജീവിച്ച് ഒരുമിച്ച് ജീവിക്കാന്‍ പലപ്പോഴും ഇവര്‍ക്ക് സാധിക്കാറില്ല.
നാഗ്‌പൂര്‍ സ്വദേശി സുരഭി മിത്രയും കൊൽക്കത്ത സ്വദേശി പരോമിത മുഖർജിയും വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ സ്വന്തം കുടുംബങ്ങളില്‍ നിന്ന് വരെ എതിർപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരുവരേയും അത്ഭുതപ്പെടുത്തി കുടുംബം വിവാഹത്തിന് പൂര്‍ണ പിന്തുണ നല്‍കി. നാഗ്‌പൂരില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന സുരഭി ഒരു കോൺഫറൻസിന്‍റെ ഭാഗമായി കൊൽക്കത്തയിലെത്തിയപ്പോഴാണ് പരോമിതയെ ആദ്യമായി കാണുന്നത്. സൗഹൃദത്തിലായ ഇരുവരും പതിയെ പരസ്‌പരം അടുത്തു. തങ്ങളുടെ ഇഷ്‌ടങ്ങളും സ്വപ്‌നങ്ങളും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗോവയിലെ മനോഹരമായ ഒരു കടൽത്തീരത്ത് വച്ച് വിവാഹിതരാകുകയാണ് ഇരുവരുടേയും സ്വപ്‌നം. വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്നും ഇരുവരും പറയുന്നു.