പൂഞ്ച് (ജമ്മു കശ്‌മീര്‍) : ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഏഴ് ഭീകരരാണ് ഇന്ന് (ഓഗസ്റ്റ് 7) ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഭീകരുമായി സൈന്യം ഏറ്റുമുട്ടുകയും സംഭവത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയുമായിരുന്നു. ബാക്കിയുള്ള ഭീകരരെ പിടികൂടുന്നതിനായി സൈന്യം മേഖലയില്‍ തെരച്ചില്‍ നടത്തുന്നു.
പൂഞ്ചിലെ ദെഗ്വാര്‍ സെക്‌ടറിലെ സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. പിന്നീട് ഇന്ത്യന്‍ ആര്‍മിയും ലോക്കല്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചു. ഏറ്റുമുട്ടലിന്‍റെ തുടക്കത്തില്‍ തന്നെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരന്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോഴാണ് സൈന്യം വെടി ഉതിര്‍ത്തത്.
പുലര്‍ച്ചെ രണ്ടുമണിയോടെ ദെഗ്വാര്‍ സെക്‌ടറിന് സമീപം നുഴഞ്ഞുകയറ്റ ശ്രമം സൈനികര്‍ കണ്ടെത്തിയെന്നും പിന്നാലെ ഗാര്‍ഹി ബറ്റാലിയന്‍ പ്രദേശത്ത് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി എന്നും ജമ്മു ആസ്ഥാനമായുള്ള ഡിഫന്‍സ് പിആര്‍ഒ ലഫ്‌റ്റനന്‍റ് കേണല്‍ സുനീല്‍ ബര്‍ത്വാള്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തുകയാണെന്നും ബര്‍ത്വാള്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റുമുട്ടല്‍ നേരത്തെയും : പൂഞ്ചില്‍ നേരത്തെയും സമാന ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 24ന് നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗുല്‍പൂര്‍ സെക്‌ടറിലെ ഫോര്‍വേഡ് റേഞ്ചര്‍ നല്ലാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇരുട്ടില്‍ മരങ്ങളുടെ മറവിലൂടെ ആയുധ ധാരികളായ മൂന്ന് തീവ്രവാദികള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദി സംഘം സമീപത്തെ വനത്തില്‍ ഒളിക്കുകയായിരുന്നു.
കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു : കുല്‍ഗാം ജില്ലയില്‍ ഓഗസ്റ്റ് നാലിന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സൈനികര്‍ മരണത്തിന് കീഴടങ്ങിയത്. കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചത്. സൈന്യവും കുല്‍ഗാം പൊലീസും ചേര്‍ന്നാണ് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തിയത് എന്നും മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു എന്നും ഇവര്‍ ചികിത്സയിലാണെന്ന് ഓപ്പറേഷന്‍റെ ആദ്യ ഘട്ടത്തില്‍ കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചിരുന്നു.
കുൽഗാം ജില്ലയിൽ ഇക്കഴിഞ്ഞ ജൂണ്‍ 27നും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അന്ന് അറിയിച്ചിരുന്നു. അതേസമയം ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഏറ്റുമുട്ടലിന് പിന്നാലെ മേഖലയിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തിരിന്നു. 'കുൽഗാം ജില്ലയിലെ ഹൂറ ഗ്രാമത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പൊലീസും സുരക്ഷ സേനയും ഓപ്പറേഷൻ തുടരുകയാണ്. ഒരു ജെകെപി ഉദ്യോഗസ്ഥന് പരിക്കേറ്റു' - കശ്‌മീർ സോൺ പൊലീസ് ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പറഞ്ഞു.