ശ്രീനഗർ : ശ്രീനഗറിൽ പിതാവിനെ കൊലപ്പെടുത്തി ദാൽ തടാകത്തിലേക്ക് എറിഞ്ഞ സഹോദരങ്ങൾ പിടിയിൽ. കുടുംബ തർക്കങ്ങളെത്തുടർന്നാണ് ഇല്ലാഹിബാഗ് പോക്കറ്റ് സ്വദേശിയായ ഖുർഷിദ് അഹമ്മദ് ടോട്ടയെ(62) മക്കൾ കഴുത്ത ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ഒരു ദിവസത്തിന് ശേഷം തടാകത്തിലെറിയുകയായിരുന്നു.
ഏപ്രിൽ ഏഴിന് ദാൽ തടാകത്തിൽ അഖൂൻ മൊഹല്ലയ്ക്ക് സമീപമുള്ള പ്രദേശത്ത് വൃദ്ധന്‍റെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഖുർഷിദ് അഹമ്മദിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്‌കാരത്തിനായി വിട്ടുനൽകി.
എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഖുർഷിദിന്‍റെ കഴുത്തിൽ പാടുകളുണ്ടെന്ന് കണ്ടെത്തി. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. ഏപ്രിൽ 5നാണ് വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് ഖുർഷിദിനെ മക്കൾ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചെങ്കിലും ഏപ്രിൽ ആറിന് കാറിൽ കയറ്റി ദാൽ തടാകത്തിലേക്ക് എറിയുകയായിരുന്നു.
സംഭവത്തിൽ ഖുർഷിദിന്‍റെ രണ്ട് മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും കൊലപാതകത്തിന് മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.