ശിവമോഗ (കര്‍ണാടക): കാളയോട്ട മത്സരത്തിനിടെ രണ്ട് വ്യത്യസ്‌ത അപകടങ്ങളില്‍ കര്‍ണാടകയില്‍ ശിവമോഗ ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണിത്. ആൽക്കോള ഗ്രാമത്തിലെ ലോകേഷിന്(32) കൊനഗവല്ലിയില്‍ നടന്ന കാളയോട്ട മത്സരത്തിനിടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോകേഷ് ഇന്നാണ് മരിച്ചത്.
കൊനഗവല്ലിയില്‍ നടന്ന കാളയോട്ട മത്സരത്തിനിടെ കാളകളുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ശിവമോഗയിലെ തന്നെ ശിക്കാരിപൂര്‍ താലൂക്കിലെ മലൂര്‍ എന്ന സ്ഥലത്ത് നടന്ന കാളയോട്ട മത്സരത്തിനിടെ കുത്തേറ്റ രംഗനാഥും(24) ചികിത്സയ്‌ക്കിടെ ഇന്ന് മരണത്തിന് കീഴടങ്ങി. ശരിയായ സുരക്ഷാമുന്‍കരുതല്‍ പാലിച്ചില്ലെന്ന് ആരോപിച്ച് സംഘാടകര്‍ക്കെതിരെ ലോകേഷിന്‍റെ ഭാര്യ ചന്ദ്രമ്മ പൊലീസില്‍ പരാതി നല്‍കി. ഇതേ ആരോപണം ഉന്നയിച്ച് രംഗനാഥിന്‍റെ കുടുംബവും പരാതി നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനിടെ എംഎല്‍എ കെ ബി അശോക് നായിക്കിനെതിരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും കാളയോട്ട മത്സരത്തിനിടെ ശിവമോഗയില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. നിരന്തരമായി ഉണ്ടാകുന്ന അപകടത്തെ തുടര്‍ന്ന് ശിവമോഗ ജില്ലാഭരണകൂടം സംഘാടകരുടെ യോഗം വിളിച്ച് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മത്സരത്തിന് റവന്യൂവകുപ്പ് അധികൃതരുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണമെന്ന് സംഘാടകരോട് ജില്ലാഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിച്ചില്ലെന്നാണ് നാട്ടുകാരില്‍ പലരും പറയുന്നത്. ഇതോടെ ശിവമോഗയില്‍ കാളയോട്ട മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.