ലക്‌നൗ: വാർത്താ ഏജൻസിയായ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ഫോട്ടോ ജേണലിസ്‌റ്റിനെയും പ്രതിശ്രുത വധുവിനെയും ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്‌റ്റിൽ. രണ്ടു ദിവസം മുൻപാണ് ഫോട്ടോ ജേണലിസ്‌റ്റായ രവി ചൗധരിയെയും പ്രതിശ്രുത വധുവിനെയും ആക്രമിച്ചത്.
ഇരുവരും മുറദ്‌നഗർ പൊലീസ് സ്‌റ്റേഷൻ പ്രദേശത്തെ ഗംഗാ കനാൽ റോഡിലൂടെ പോകുമ്പോഴാണ് എസ്‌യുവിയിലെത്തിയ അജ്ഞാതർ ഇവരെ ആക്രമിച്ചത്. കേസിൽ എഫ്‌ഐആർ സമർപ്പിക്കാൻ ലോക്കൽ പൊലീസ് ആദ്യം വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അടുത്തിടെ പ്രതിഷേധിക്കുന്ന കർഷകനെ ലാത്തി ഉപയോഗിച്ച് ഒരു പൊലീസുകാരൻ അടിക്കുന്നതിന്‍റെ ഫോട്ടോ രവി ചൗധരി എടുക്കുകയും ആ ഫോട്ടോ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.
ഗംഗാ കനാൽ റോഡിന്‍റെ തിരക്കേറിയ സ്ഥലത്ത് വച്ചാണ് സംഭവം നടന്നതെന്നും തന്‍റെ വാഹനം തടഞ്ഞു നിർത്തി ആക്രമിക്കുകയുമായിരുന്നുവെന്നും രവി ചൗധരി പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസും അറിയിച്ചു.