ഇൻഡോർ: ഇൻഡോറിൽ മാസ്ക് ധരിക്കാതിരുന്നതിന് ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസുകാർ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ദൃശ്യങ്ങളിൽ രണ്ട് പൊലീസുകാർ ഒരാളെ റോഡിലിട്ട് മർദിക്കുന്നത് കാണാം.
അതേസമയം, രോഗിയായ പിതാവിന് ആശുപത്രിയിൽ ഭക്ഷണം നൽകാനുള്ള യാത്രയിലാണെന്നും മുഖംമൂടി അബദ്ധത്തിൽ മൂക്കിൽ നിന്ന് മാറി പോയതാണെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. മാസ്ക് ധരിക്കാത്തതിനാൽ പൊലീസ് സ്റ്റേഷനിൽ വരാൻ പൊലീസുകാർ ആവശ്യപ്പെട്ടതായും താൻ പിന്നീട് റിപ്പോർട്ട് ചെയ്യാമെന്ന് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്ന് അറിയിച്ചിട്ടും പൊലീസുകാർ മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് ആളുകൾ മാസ്ക് ധരിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ചുമത്തുണ്ടെന്നും ഇൻഡോർ സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു.