ബംഗളൂരു/ന്യൂഡൽഹി : ബെംഗളൂരു വിമാനത്താവളത്തിൽ ജനുവരി ഏഴിന് രാവിലെ പറന്നുയർന്ന രണ്ട് ഇൻഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇൻഡിഗോ വിമാനങ്ങളായ 6E455 (ബെംഗളൂരു - കൊൽക്കത്ത), 6E246 (ബെംഗളൂരു - ഭുവനേശ്വർ) എന്നിവയാണ് 'ബ്രീച്ച് ഓഫ് സെപ്പറേഷൻ' ലംഘിച്ചതെന്ന് ഡിജിസിഎ അറിയിച്ചു.
എയർ സ്പേസിൽ വിമാനങ്ങൾ പാലിക്കേണ്ട നിശ്ചിത അകലം മറികടക്കുന്നതിനെയാണ് 'ബ്രീച്ച് ഓഫ് സെപ്പറേഷൻ' എന്ന് പറയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മേധാവി അരുൺ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: സ്‌റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച് യുവതിയും നാല് കുട്ടികളും കൊല്ലപ്പെട്ടു
രണ്ട് വിമാനങ്ങളും ജനുവരി ഏഴിന് ഏകദേശം അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിനിടയിലാണ് പറന്നുയർന്നത്. ടേക്ക് ഓഫിനുശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിർദേശം അപ്രോച്ച് റഡാർ നൽകിയതോടെയാണ് കൂട്ടിയിടി ഒഴിവായതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.