സാംഗ്‌ലി (മഹാരാഷ്‌ട്ര) : മഹാരാഷ്‌ട്രയിലെ സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഒമ്പത് പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മന്ത്രവാദി, ഇയാളുടെ ഡ്രൈവർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വസന്ത് വിഹാര്‍ സ്വദേശി ധീരജ് ചന്ദ്രകാന്ത് സുരവ്‌ശേ, സര്‍വദേനഗര്‍ സ്വദേശി അബ്ബാസ് മുഹമ്മദ് അലി ബഗ്‌വന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ഒമ്പത് പേര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോലാപുര്‍ റേഞ്ച് ഐജി മനോജ് കുമാര്‍ ലോഹിയ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് എസ്‌പി ദീക്ഷിത് ഗെദാം വ്യക്തമാക്കി.
Read more: ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍; കണ്ടെത്തിയത് രണ്ടിടങ്ങളില്‍
ജൂണ്‍ 20ന് സാംഗ്ലിയിലെ മഹേസാല്‍ എന്ന ഗ്രാമത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരപരിധിയിലുള്ള രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിക് യല്ലപ്പ വനമോര്‍, സഹോദരൻ പോപ്പട്ട് യല്ലപ്പ വനമോര്‍, ഇവരുടെ അമ്മ അക്‌തായി യല്ലപ്പ വനമോർ, മണിക്കിന്‍റെ ഭാര്യ രേഖ മണിക് വനമോര്‍, മകന്‍ ആദിത്യ മണിക് വനമോര്‍, പോപ്പട്ടിന്‍റെ ഭാര്യ സംഗീത് പോപ്പട്ട് വനമോര്‍, മകന്‍ ശുഭം പോപ്പട്ട് വനമോര്‍, മകള്‍ അര്‍ച്ചന പോപ്പട്ട് വനമോര്‍ എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ ചെയ്‌തുവെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മരിച്ച സഹോദരങ്ങളിലൊരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച വ്യാജ കുറിപ്പ് വഴിത്തിരിവായി. കടം മൂലം ജീവനൊടുക്കുന്നുവെന്നായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ പണം പലിശക്ക് കൊടുക്കുന്നവരെ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.