മൈസൂർ (കര്‍ണാടക): കര്‍ണാടകയില്‍ ഒളിച്ചു കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോക്‌സില്‍ കുടുങ്ങി രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൈസൂരിലെ നഞ്ചന്‍ഗോഡ് താലൂക്കിലെ മസാഗെ എന്ന ഗ്രാമത്തിലാണ് സംഭവം. നാഗരാജു-ചിക്കദേവമ്മ ദമ്പതികളുടെ മകള്‍ ഭാഗ്യ (12), രാജനായക-ഗോരമ്മ ദമ്പതികളുടെ മകള്‍ കാവ്യ (7) എന്നിവരാണ് മരിച്ചത്.
ഹനുമന്തനായക എന്നയാളുടേതാണ് ഐസ്‌ക്രീം ബോക്‌സ്. ഉച്ചയ്ക്ക് 12 മണിയ്ക്ക് കളിക്കുന്നതിനിടെ ഇരുവരും ബോക്‌സിനുള്ളില്‍ കയറി ഒളിച്ചിരുന്നു. ഇതിനിടെ ഡോര്‍ അടയുകയും കുട്ടികള്‍ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.
അര മണിക്കൂര്‍ കഴിഞ്ഞ് കുട്ടികളെ കാണാത്തതിനെ തുടർന്ന് ബോക്‌സ് തുറന്ന് നോക്കിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ സംസ്‌കാരം നടത്തി.