കൊൽക്കത്ത : ന്യൂ ടൗൺ വെടിവയ്‌പില്‍ കൊല്ലപ്പെട്ട ഗുണ്ട നേതാവ് ജയ്‌പാല്‍ സിങ് ഭുല്ലാറും അനുയായി ജസ്പ്രീത് സിങും ഇറ്റലിയിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ കൊൽക്കത്തയിൽ നിന്ന് ഇറ്റലിയിലേക്ക് നാട് വിടാന്‍ ഇരുവരും ഒരുങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
ജയ്‌പാല്‍ സിങ് ഭുല്ലാറിന്‍റെ അടുത്ത അനുയായികളായ ഭരത് കുമാറിനെയും സുമീത് കുമാറിനെയും ചോദ്യം ചെയ്‌തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അന്താരാഷ്‌ട്ര മയക്കുമരുന്ന് വ്യാപാരി റിണ്ടയാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്‌തിരുന്നത്. പിടികിട്ടാപ്പുള്ളിയായ റിണ്ട ഇപ്പോള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
കേസില്‍ മയക്കുമരുന്ന് ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. കൂടുതൽ വിവരങ്ങൾ ഉടന്‍ ലഭിക്കുമെന്ന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also read: ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ അറസ്റ്റില്‍
ജയ്‌പാല്‍ സിങ് ഭുല്ലാറിനെതിരെ കൊലപാതകം ഉള്‍പ്പെടെ 15 ഓളം കേസുകള്‍ പഞ്ചാബില്‍ നിലവിലുണ്ട്. പഞ്ചാബിന് പുറമേ രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും കേസുകളുണ്ട്.
ലുധിയാനയില്‍ രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയതിന് ശേഷം ഒളിവിലായിരുന്ന ജയ്‌പാല്‍ സിങ് ഭുല്ലാറിനേയും ജസ്പ്രീത് സിങിനേയും ജൂണ്‍ 9 നാണ് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.