ന്യൂഡല്‍ഹി: ലത മങ്കേഷ്‌കറിന്‍റെ മരണത്തില്‍ അനുശോചിച്ച് രാജ്യം രണ്ട് ദിവസം ദേശീയ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദര സൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഇന്ത്യയുടെ വാനമ്പാടി വിട പറഞ്ഞത്. 92 വയസായിരുന്നു. കൊവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും, ശനിയാഴ്‌ച നില വഷളായതിനെത്തുടർന്ന് വെന്‍റിലേറ്റർ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.
അഗാധമായ ദുഖത്തോടെയാണ് ലതാ മങ്കേഷ്‌കറിന്‍റെ വിയോഗം അറിയിക്കുന്നതെന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ലത മങ്കേഷ്‌കറിനെ ചികിത്സിക്കുന്ന ഡോ. പ്രതീത് സമദാനി പറഞ്ഞു. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് 28 ദിവസത്തിലധികം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം.
മറാത്തി സംഗീതജ്ഞന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്‍റെയും ഗുജറാത്തിയായ ഷെവന്തിയുടെയും മൂത്ത മകളായി 1929ലാണ് ലത മങ്കേഷ്‌കറിന്‍റെ ജനനം. 13ാം വയസില്‍ പാടി തുടങ്ങിയ ലത 1940കളിലാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. 36 ഓളം പ്രദേശിക ഇന്ത്യൻ ഭാഷകളിലായി 25,000ലധികം പാട്ടുകള്‍ ലതാ മങ്കേഷ്‌കര്‍ പാടിയിട്ടുണ്ട്.
മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2001ൽ ഭാരതരത്നയും നൽകി ഇന്ത്യയുടെ വാനമ്പാടിയെ ഭാരത സർക്കാർ ആദരിച്ചു.
Also read: ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു; ആ സ്വരമാധുരി ഇനി ആരാധക ഹൃദയത്തില്‍