ലക്‌നൗ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് സഹോദരിമാരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽപൂർ മജ്ര തമോലി പൂർവ ഗ്രാമത്തിൽ ബുധനാഴ്‌ച വൈകീട്ടാണ് ദാരുണ സംഭവം. പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത് കൊന്നതാണെണ് കുടുംബം ആരോപിച്ചു.
14 ഉം 17 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ബുധനാഴ്‌ച മൂന്ന് മണിയോടെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ശേഷം വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മരിച്ച പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും പെൺകുട്ടികളുടെ കുടുംബവും റോഡ് ഉപരോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്ത് വലിയ പൊലീസ് സന്നാഹമുണ്ട്.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലഖിംപുർ ഖേരി പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തുംവരെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും മൃതദേഹങ്ങളിൽ മുറിവുകൾ ഇല്ലാത്തതിനാൽ ആത്മഹത്യാസാധ്യത തള്ളാനാവില്ലെന്നുമാണ് പൊലീസ് നിലപാട്. പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.
സംഭവത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനവുമായെത്തി. യോഗി ഭരണത്തില്‍ അമ്മമാരും സഹോദരിമാരും ദിനംപ്രതി ആക്രമിക്കപ്പെടുന്നത് ലജ്‌ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദരിമാരുടെ ദാരുണാന്ത്യം ഹൃദയഭേദകമാണെന്നും എന്തുകൊണ്ടാണ് യുപിയിൽ സ്‌ത്രീകൾക്കെതിരായി ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നതെന്നും ചോദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തി.