ഷിയോപൂര്‍ (മധ്യപ്രദേശ്): കുനോ ദേശിയ ഉദ്യാനത്തില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു. അടുത്തിടെ നമീബിയയില്‍ നിന്നുമെത്തിച്ച ചീറ്റ ജന്മം നല്‍കിയ ഏതാണ്ട് രണ്ട് മാസം മാത്രം പ്രായമുള്ള ചീറ്റ കുഞ്ഞുങ്ങളാണ് വ്യാഴാഴ്‌ച ചത്തത്. കൊടും ചൂടും ആരോഗ്യപരമായ പ്രശ്‌നങ്ങളുമാണ് മരണത്തിന് കാരണമെന്നാണ് നാഷണല്‍ പാര്‍ക്ക് അധികൃതരുടെ വിശദീകരണം.
നമീബിയയിൽ നിന്ന് കൊണ്ടുവന്ന ജ്വാല എന്ന പെൺ ചീറ്റ ഈ വർഷം മാർച്ചിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അടുത്തിടെ ഒരു ചീറ്റ കുഞ്ഞ് ചത്തതോടെ കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായും ചുരുങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് ഇവയില്‍ രണ്ടെണ്ണം കൂടി വ്യാഴാഴ്‌ച മരണത്തിന് കീഴടങ്ങുന്നത്. ഇതോടെ കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ ഒരു ചീറ്റ കുഞ്ഞ് മാത്രമാണുള്ളത്.
പരമാവധി ശ്രമിച്ചിട്ടും രക്ഷിക്കാനാവാതെ: ഒരു കുട്ടി ചത്തതോടെ ബാക്കിയുള്ള മൂന്ന് കുഞ്ഞുങ്ങളെയും പെൺ ചീറ്റയെയും പ്രത്യേകമായി നിയമിച്ച വന്യജീവി ഡോക്‌ടറുമാർ തുടർച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. പകൽ സമയത്ത് അമ്മ ചീറ്റയ്‌ക്ക് അനുബന്ധ ഭക്ഷണവും എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍ നിരീക്ഷണത്തിനിടെ ശേഷിക്കുന്ന മൂന്ന് ചീറ്റ കുഞ്ഞുങ്ങളുടെ അവസ്ഥ മോശമായി തോന്നിയിരുന്നതായും കുനേ ദേശീയോദ്യാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായതോടെ വൈദ്യസഹായം നൽകിയിരുന്നുവെന്നും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെ: വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ദിനം കൂടിയായിരുന്നു 23-05-2023. ഈ ദിവസത്തെ പരമാവധി താപനില ഏകദേശം 46 മുതല്‍ 47 ഡിഗ്രി സെൽഷ്യസായിരുന്നു. അത്യധികം ചൂടുകാറ്റും ഉഷ്‌ണതരംഗവും ദിവസം മുഴുവൻ തുടർന്നു. അസാധാരണമായ അവസ്ഥ മനസിലാക്കി മാനേജ്‌മെന്‍റും വൈൽഡ് ലൈഫ് ഡോക്‌ടർമാരുടെ സംഘവും ഉടൻ തന്നെ മൂന്ന് ചീറ്റ കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താന്‍ ആവശ്യമായ ചികിത്സ നൽകാന്‍ തീരുമാനിച്ചു. രണ്ട് ചീറ്റ കുഞ്ഞുങ്ങളുടെയും നില ഗുരുതരമായതിനാൽ പരമാവധി വൈദ്യസഹായം നടത്തിയിട്ടും രക്ഷിക്കാനായില്ലെന്നും ദേശീയോദ്യാന വൃത്തങ്ങള്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
മരണം തികച്ചും സ്വാഭാവികമോ?: കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളേയും ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളേയും കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഇന്ത്യയില്‍ ചീറ്റകളെ മടക്കിയെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഈ നീക്കം. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം തന്നെ ഇതിലെ മൂന്ന് ചീറ്റകള്‍ ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു ചത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഒരു ചീറ്റ അജ്ഞാത കാരണങ്ങളാലും മറ്റൊന്ന് ഇണചേരലിനിടെ ആൺ ചീറ്റകളാൽ പരിക്കേറ്റതിനെ തുടർന്ന് ഈ മാസമാദ്യവും ചത്തിരുന്നു. ഈ സംഭവങ്ങളെല്ലാം തന്നെ കുനോ ദേശീയ ഉദ്യാന അധികൃതരുടെ അനാസ്ഥയാണെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.