ജോധ്പൂർ(രാജസ്ഥാൻ) : വിമാനത്തിന്‍റെ സീറ്റിൽ ഒളിപ്പിച്ച് വിദഗ്‌ധമായ രീതിയിൽ സ്വർണം കടത്തി വന്ന പ്രതികൾ പിടിയിൽ. ജോധ്പൂർ വിമാനത്താവളത്തിൽ നിന്നാണ് സിംഗപ്പൂർ സ്വദേശിയായ അബ്ദുൾ ഗനി റേഡിയോവാല (51), മുംബൈ സ്വദേശി മുഹമ്മദ് റഫീഖ് ലക്‌ഡാവാല എന്നിവരെ കസ്റ്റംസ് പിടികൂടിയത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന നാല് കിലോ സ്വർണവും കസ്റ്റംസ് പിടികൂടി. പ്രതികൾ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് 21 തവണ സ്വർണം കടത്തിയതായി കസ്റ്റംസ് അധികൃതർ കണ്ടെത്തി.
ചൊവ്വാഴ്‌ച മുംബൈയിൽ നിന്ന് ജോധ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ അനധികൃത സ്വർണം കൊണ്ടുവന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വിമാനം ഇറങ്ങിയയുടനെ ഇരുവരേയും പരിശോധിച്ചെങ്കിലും പ്രതികളിൽ നിന്ന് സ്വർണം കണ്ടെത്താനായില്ല. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇരുവരുടേയും ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് ഇരുവരെയും എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവർ സഞ്ചരിച്ച വിമാനം പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. എന്നാൽ സ്വർണം കടത്തി എന്ന് ഉറപ്പുള്ളതിനാൽ കസ്റ്റംസ് ഇരുവരും യാത്ര ചെയ്‌ത വിമാനം ഒന്നുകൂടി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ മുംബൈയിൽ എത്തി വിമാനം വീണ്ടും പരിശോധിച്ചപ്പോൾ സീറ്റിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
വമ്പൻ പ്ലാനിങ് : സിംഗപ്പൂരിൽ നിന്ന് സ്വർണവുമായി വരുന്ന പ്രതികൾ കസ്റ്റംസിനെ കബളിപ്പിച്ചായിരുന്നു 21 തവണയും സ്വർണം കടത്തിയത്. മുംബൈ വിമാനത്താവളത്തിൽ പരിശോധന കർശനമായതിനാൽ സിംഗപ്പൂരിൽ നിന്ന് സ്വർണവുമായി വരുന്ന പ്രതികൾ സ്വർണം വിമാനത്തിനുള്ളിൽ തന്നെ വെച്ച് പുറത്തേക്കിറങ്ങും. പിന്നാലെ ആ വിമാനം അടുത്ത ദിവസം ഇന്ത്യയിലെ ഏത് നഗരത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കും.
കസ്റ്റംസ് പരിശോധന കുറഞ്ഞ പ്രാദേശിക വിമാനത്താവളത്തിലേക്കാണ് വിമാനം പോകുന്നതെങ്കിൽ സ്വർണം ഒളിപ്പിച്ച സീറ്റിൽ തന്നെ ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്യും. ശേഷം ഈ വിമാനത്താവളത്തിലൂടെ സ്വർണവുമായി പ്രതികൾ പുറത്തുകടക്കും. ഈ പദ്ധതി നടപ്പാക്കാനാണ് ജോധ്പൂരിലേക്ക് പ്രതികൾ എത്തിയത്. എന്നാൽ സ്വർണക്കടത്തിന്‍റെ വിവരം കസ്റ്റംസ് മനസിലാക്കിയെന്നറിഞ്ഞ ഇരുവരും സ്വർണം പുറത്തെടുക്കാതെ വിമാനത്തിനുള്ളിൽ തന്നെ വെച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.