മുംബൈ : നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയ രണ്ട് പേര്‍ താനെയില്‍ പിടിയില്‍. സുരജ് മോഹന്‍ പര്‍ദേശി, പ്രവീണ്‍ രഘുനാഥ് വാലിന്‍ബെ എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്‍സിബി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇവര്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് യുവതി വ്യാഴാഴ്‌ച തൂങ്ങി മരിച്ചു.
ഡിസംബര്‍ 20ന് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഇരുപത്തിയെട്ടുകാരിയോട് എന്‍സിബി ഉദ്യോഗസ്ഥരാണെന്നും എഫ്‌ഐആറില്‍ പേര് ചേർക്കാതിരിക്കണമെങ്കില്‍ ഇരുപത് ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് മൊബൈല്‍ ഫോണിലൂടെ നിരന്തരം ഇവര്‍ യുവതിയെ ബന്ധപ്പെട്ടു. എന്നാല്‍ ഭീഷണി സഹിക്കവയ്യാതായതോടെയാണ് യുവതി ജീവനൊടുക്കിയത്.
Also read: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 3 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടിച്ചു
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആത്മഹത്യ പ്രേരണ, കവര്‍ച്ച, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.